മുഖ്യമന്ത്രിയെ കാണാന്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ ധര്‍മ്മടത്തെത്തി; വീട് കയറി താമസത്തിന് ക്ഷണം
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന പരസ്യ പ്രചാരണ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ-ചൂരല്‍മലയിലെ ദുരന്തബാധിതര്‍. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ ധര്‍മ്മടത്തെത്തിയത്. ദുരന്തത്തില്‍ ചേര്‍ത്ത് പിടിച്ച മുഖ്യമന്ത്രിയോട് സംസാരിച്ച് കൂടിക്കാഴ്ച്ച നടത്താനാണ് ഇവര്‍ ധര്‍മ്മടത്തേയ്ക്ക് എത്തിയത്. ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ നടപ്പിലാക്കുന്ന ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് കൂടിക്കാഴ്ച്ചയിലെ ചര്‍ച്ച വിഷയം. വീട്ടിലേക്കുള്ള കയറി താമസത്തിന് മുഖ്യമന്ത്രിയും വരണമെന്നാണ് ദുരന്തബാധിതരുടെ ആ?ഗ്രഹം. കയറി താമസത്തിന്റെ ക്ഷണത്തിന് നമുക്ക് നോക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വിഷുവിന് കയറി താമസം നടത്താനാകുമെന്നും മുഖ്യമന്ത്രി സൂചന നല്‍കി.
എല്ലാം നഷ്ടപ്പെട്ട ഞങ്ങള്‍ക്ക് ഒരോന്നായി സര്‍ക്കാര്‍ തിരികെ തന്നെന്നും ദുരന്തബാധിതര്‍ പറയുകയുണ്ടായി.കണ്ണായ സ്ഥലത്താണ് ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘം കണ്ണുവെക്കാന്‍ ഇടയുണ്ട് നല്ല ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ദുരന്തബാധിതരോട് പറഞ്ഞു. പുനരധിവാസം യാഥാര്‍ത്ഥ്യമാക്കിയതിന് വൈകാരികമായി നന്ദി പറഞ്ഞാണ് ദുരിതബാധിതര്‍ മടങ്ങിയത്.
ഇന്നലെ ഒല്ലൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ രാജനെ കാണാന്‍ ചൂരല്‍മല ദുരന്തബാധിതര്‍ എത്തിയിരുന്നു. മൂര്‍ക്കനിക്കര പ്രദേശത്ത് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വെച്ചാണ് ചൂരല്‍മലയില്‍ നിന്നെത്തിയ 14 പേര്‍ കെ രാജനെ കണ്ടുമുട്ടിയത്. വീടും ആശ്രയവും സമ്പാദ്യവും നഷ്ടപ്പെട്ട മുഹമ്മദലിയും ഭാര്യ സൗജ്യത്തും, ഹമീദും ഭാര്യ സുഹ്‌റയും സംഘത്തിലുണ്ടായിരുന്നു. അതിവൈകാരികമായ രംഗമായിരുന്നു മൂര്‍ക്കനിക്കരയിലുണ്ടായത്. ദുരന്തത്തില്‍ മൂന്ന് മക്കളെ നഷ്ടമായ സയന മന്ത്രിയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും വൈറലാണ്. മന്ത്രി ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഒപ്പം വൈകാരിക കുറിപ്പും രാജന്‍ പങ്കുവെച്ചിരുന്നു.




