മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ വിവാദങ്ങളും നേതാക്കളുടെ പാര്‍ട്ടി മാറ്റവും കൊണ്ട് കൂടുതല്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വാശിയേറിയ പാലക്കാടന്‍ തെരഞ്ഞെടുപ്പില്‍ പോളിങ് സമയം അവസാനിച്ചു. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചുവരികയാണ്. സാങ്കേതിക പ്രശ്നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്. (Palakkad byelection 2024 polling 70.22%)
നഗരമേഖലകളില്‍ വോട്ടിങ് പൂര്‍ണമായിട്ടുണ്ട്. രാവിലെ ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിരയായിരുന്നു. എന്നാല്‍, പിന്നീട് പോളിങ് മന്ദഗതിയിലേക്ക് മാറി. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു. ഇവിടെ വോട്ട് ചെയ്യാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ അരമണിക്കൂറോളം കാത്തുനിന്ന് മടങ്ങി. പിന്നീട് വൈകിട്ടാണ് സരിന്‍ വോട്ടുചെയ്തത്.