കേന്ദ്ര ജീവനക്കാര്‍ക്ക് ആശ്വാസം: ക്ഷാമബത്തയില്‍ 2% വര്‍ധന അംഗീകരിച്ച് മന്ത്രിസഭ

കേന്ദ്ര ജീവനക്കാര്‍ക്ക് ആശ്വാസം: ക്ഷാമബത്തയില്‍ 2% വര്‍ധന അംഗീകരിച്ച് മന്ത്രിസഭ

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും (ഡിആര്‍) രണ്ടുശതമാനം വര്‍ധിപ്പിക്കാന്‍ ശനിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. വിലക്കയറ്റം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ആനുകൂല്യം വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് നല്‍കുന്ന പണപ്പെരുപ്പ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വര്‍ഷത്തില്‍ രണ്ടുതവണ ക്ഷാമബത്ത പരിഷ്‌കരിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടുശതമാനം വര്‍ധന ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സാമ്പത്തിക ആശ്വാസം നല്‍കും. ക്ഷാമബത്ത അനുവദിക്കുന്നതിലെ കാലതാമസവും മൂന്ന് മാസത്തെ കുടിശ്ശിക തീര്‍പ്പാക്കണമെന്ന ആവശ്യവും ജീവനക്കാരുടെ ഭാഗത്തുനിന്ന് ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ തീരുമാനം വന്നിരിക്കുന്നത്.

ഇതിനു മുന്‍പ് 2025 ഒക്ടോബര്‍ 1നാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് 3 ശതമാനം വര്‍ധനയാണ് അനുവദിച്ചിരുന്നത്. ഇതോടെ ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 55 ശതമാനത്തില്‍നിന്നും 58 ശതമാനമായി ഉയര്‍ന്നിരുന്നു. 2025 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു അന്ന് വര്‍ധന് നടപ്പിലാക്കിയത്. ആ സമയത്തെ കുടിശ്ശിക തുക പിന്നീട് ജീവനക്കാരുടെ ശമ്പളത്തോടൊപ്പം വിതരണം ചെയ്തിരുന്നു. തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വില സൂചികയിലെ മാറ്റങ്ങള്‍ വിലയിരുത്തിയാണ് സാധാരണയായി ഇത്തരത്തിലുള്ള വര്‍ധനകള്‍ നിശ്ചയിക്കുന്നത്.

സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിലാണ് ക്ഷാമബത്ത പരിഷ്‌കരിക്കാറുള്ളത്. പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുമ്പോള്‍, ജീവനക്കാരുടെ ജീവിതനിലവാരം ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ഡിഎ നല്‍കുന്നത്. പുതിയ വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ ജീവനക്കാരുടെ കൈയില്‍ എത്തുന്ന ശമ്പളവും കൂടും. കുടിശ്ശിക ഉള്‍പ്പെടെയുള്ള തുക എപ്പോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാന്‍ രണ്ട് ഡിഎ വര്‍ധന സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Scroll to Top