വിമാന ടിക്കറ്റ് റദ്ദാക്കല്‍; റീഫണ്ട് മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റങ്ങളുമായി ഡിജിസിഎ

വിമാന ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഡിജിസിഎ. പുതിയ നിയമ നിര്‍മ്മാണത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഡിജിസിഎ ആരംഭിച്ചു. ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുകയോ റീഷെഡ്യൂള്‍ ചെയ്യുകയോ ചെയ്താല്‍ അധിക ചാര്‍ജുകള്‍ ഒഴിവാക്കാനാണ് നീക്കം.

21 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പ്രക്രിയ വിമാന കമ്പനികള്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയും പുതിയ നിയമത്തില്‍ ഉണ്ടാകും. നിയമത്തിന്റെ കരട് തയ്യാറായതായാണ് വിവരം. വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശിത മാറ്റങ്ങള്‍.

പുതിയ നിയമം സംബന്ധിച്ച് കരട് ഉടന്‍ തന്നെ പുറത്തുവിടുമെന്നും നവംബര്‍ 30 വരെ പൊതു ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുമെന്നുമാണ് സൂചന. ഡിജിസിഎയുടെ ഈ നിര്‍ണായക നിയമനിര്‍മാണം യാത്രക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതാകുമെന്നാണ് പ്രതീക്ഷ.

Scroll to Top