‘
രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ അത് അവര്‍ക്ക് ഒരു ഊര്‍ജം ആയേനെയെന്നും ദേവനന്ദ പറഞ്ഞു
‘
55-ാമത് ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനിടെ പ്രകാശ് രാജ് കുട്ടികളുടെ ചിത്രം സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ബാലതാരം ദേവനന്ദ. ജൂറി ചെയര്‍മാനായ പ്രകാശ് രാജ് കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷം ഉണ്ടെന്ന് ദേവനന്ദ. രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെയെന്നും കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ…പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുതെന്നും ദേവനന്ദ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദേവനന്ദ ഈ കുറിപ്പ് പങ്കുവെച്ചത്.
‘നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ…പക്ഷേ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാര്‍ത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്‌സും, ARM അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ’.
‘കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവര്‍ത്തകരും, പൊതു ജനങ്ങളും ഇതും ചര്‍ച്ച ചെയ്യണം, അവകാശങ്ങള്‍ നിഷേധിച്ച് കൊണ്ടല്ല, മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്, മാറ്റങ്ങള്‍ക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണം’, ദേവനന്ദ പറഞ്ഞു.
‘ഇത്തവണ മികച്ച ബാലതാരത്തിനും കുട്ടികളുടെ ചിത്രത്തിനും ഉള്ള അവാര്‍ഡ് നല്‍കിയില്ല. കാരണം ഞങ്ങള്‍ ഒരു സിനിമയും ആ വിഭാഗത്തില്‍ കണ്ടില്ല. സിനിമാ മേഖലയോട് ഈ കാര്യത്തില്‍ ഒരു അഭ്യര്‍ത്ഥന മാത്രം കുട്ടികള്‍ക്ക് വേണ്ടിയുള്ള സിനിമകളും ഒരുക്കുക. സിനിമ പ്രവര്‍ത്തകര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട് നമ്മുടെ സൊസൈറ്റിയില്‍ മുതിര്‍ന്നവരും ചെറുപ്പക്കാരും മാത്രമല്ല ഉള്ളത് കുട്ടികള്‍ക്കും ഒരു ഇടമുണ്ട്. അവര്‍ എന്താണ് ആലോചിക്കുന്നതും ചെയ്യുന്നതും എന്താണ് അവരുടെ ലോകമെന്നും അറിയിക്കണം. ചില കുട്ടികള്‍ നായകന്റെ മക്കള്‍ ആയി സിനിമയില്‍ അഭിനയിച്ചാല്‍ അത് കുട്ടികളുടെ സിനിമ ആകില്ല. ഒരു ചിത്രവും കുട്ടികളുടെ കാഴ്ചപ്പാടില്‍ പറയുന്നതായി കണ്ടില്ല. അതുകൊണ്ട് ജൂറി സിനിമാ മേഖലയില്‍ ഉള്ളവരോട് കുട്ടികളുടെ സിനിമകള്‍ നിര്‍മ്മിക്കാന്‍ അപേക്ഷിക്കുന്നു’, പ്രകാശ് രാജിന്റെ വാക്കുകള്‍.
അതേസമയം, മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നല്‍കാത്തതില്‍ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ സിനിമയുടെ സഹാതിരക്കഥാകൃത്ത് ആനന്ദ് മന്മഥന്‍ പ്രതികരിച്ചിരുന്നു. ഈ സിനിമ ജൂറി കാണാതെ പോയതില്‍ വിഷമം ഉണ്ടെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചു. കൂടാതെ സ്‌കൂള്‍ ചലേ ഹം എന്ന സിനിമയുടെ സംവിധായകന്‍ ശ്രീകാന്തും ഫേസ്ബുക്കില്‍ ഇതിന് എതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു




