സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. 720 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 89080 രൂപയാണ് വില. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 89,800രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 11,225 രൂപയായിരുന്നു വില.

ലക്ഷത്തിലേക്കെത്തുമെന്ന തോന്നിപ്പിച്ച സ്വര്‍ണവില 90,000ത്തിന് മുകളിലും താഴെയുമായി കൂടിയും കുറഞ്ഞുമിരിക്കുന്ന അവസ്ഥയാണ് കുറച്ചു ദിവസമായി കാണുന്നത്. 89,000ത്തിന് താഴേക്കും വില ഇടിയാന്‍ സാധ്യതയുണ്ട് എന്ന സൂചനയാണ് വിപണിയില്‍ നിന്നും ഇന്ന് ലഭിക്കുന്നത്.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നത് എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

Scroll to Top