കുമ്പള.കുമ്പള ബദ്രിയ നഗറിലെ വിധവയായ കദീജുമ്മയ്ക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കുമ്പള സെക്ഷന്‍ കെഎസ്ഇബി അധികൃതര്‍ കനിയണം.
2019-20വാര്‍ഷിക ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ കുമ്പള ഗ്രാമപഞ്ചായത്ത് നല്‍കിയതാണ് നായിക്കാപ്പ് ശിവാജി നഗറില്‍ സര്‍ക്കാരില്‍നിന്ന് ലഭിച്ച ഭൂമിയില്‍ വീടിനുള്ള സഹായം. വീട് നിര്‍മ്മാണം പകുതിയിലായപ്പോള്‍ വീടെന്ന സ്വപ്നത്തിന് വൈദ്യുതി ലൈന്‍ തടസ്സമായി.വീടിന്റെ മുകളിലൂടെയാണ് വൈദ്യുതി ലൈന്‍ പോയിരിക്കുന്നത്.
പഞ്ചായത്തുനിന്ന് ലഭിച്ച ഒന്നാം ഗഡുവും, രണ്ടാം ഗഡുവും കൂടിയുള്ള ഒരു ലക്ഷത്തി 25,000 രൂപ കൊണ്ട് വീടിന്റെ മതില്‍ വരെ ഉയര്‍ത്തി. പിന്നീടാണ് കുരുക്ക് വീഴുന്നത്.വൈദ്യുതി കമ്പി വീടിന്റെ മുകളിലൂടെയാണ് പോയിരിക്കുന്നതെന്ന കാര്യം വൈകിയാണ് കദീജുമ്മ അറിയുന്നത്. നിര്‍മ്മാണ തൊഴിലാളികള്‍ വിവരം നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ഈ കുരുക്കഴിക്കാന്‍ നേരത്തെ തന്നെ കഴിയുമായിരുന്നുവെന്ന് കദീജുമ്മ പറയുന്നു.
പിന്നീട് കഴിഞ്ഞ രണ്ടു വര്‍ഷമായി കദീജുമ്മ കെഎസ്ഇബി പഞ്ചായത്ത് ഓഫീസുകള്‍ കയറി ഇറങ്ങുന്നു, രണ്ടിടത്തും പരാതിയും കൊടുത്തിട്ടുണ്ട്.ഭവന പദ്ധതിയിലെ ബാക്കി തുക ലഭിക്കണമെങ്കില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കണം. അതിന് വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. സ്വന്തം ചിലവില്‍ വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള സാമ്പത്തികശേഷി കദീജുമ്മയ്ക്കില്ല.കൂലി വേല ചെയ്താണ് വൃദ്ധയായ ഖദീജുമ്മ കുടുംബം പോറ്റുന്നത് തന്നെ.
ഇപ്പോള്‍ പാതിവഴിയിലായ വീടിന്റെ ജനലും കട്ടിലുമൊക്കെ ദ്രവിച്ച് വീട് പരിസരം കാടു മൂടി കിടക്കുന്നു.എന്ത് ചെയ്യണമെന്നറിയാതെ കൈ മലര്‍ത്തുകയാണ് കദീജുമ്മ.പദ്ധതി തുക ഇപ്പോള്‍ ലാപ്‌സായി പോയിട്ടുണ്ടാകുമോ എന്ന് പോലും ഖദീജുമ്മയ്ക്ക് അറിയില്ല.വീടെന്ന സ്വപ്നം പൂര്‍ത്തിയായി കിട്ടാന്‍ കാത്തിരിക്കുകയാണ് ഈ വീട്ടമ്മ.ബദ്രിയാ നഗറില്‍ വാടക കെട്ടിടത്തിലാണ് ഇപ്പോള്‍ താമസം.
ഫോട്ടോ: പാതിവഴിയിലായ ഖദീജുമ്മയുടെ വീടും, വീടിന് മുകളിലൂടെയുള്ളവൈദ്യുതിലൈനും.