‘പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍,ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്’

‘പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍,ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്’

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. എല്ലുകള്‍ വരെ തെറിച്ചുവീണ നിലയിലുള്ള മൃതശരീരങ്ങളായിരുന്നു ലഭിച്ചതെന്നും പലതും തിരിച്ചറിയാന്‍ പോലും കഴിയാതെ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും ഹിതേഷ് ശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ബ്രെയിന്‍ അടക്കം വിവിധ അവയവങ്ങള്‍ പാതി വെന്ത അവസ്ഥയിലായിരുന്നു. ചിലരുടെ കൈയിലെ മോതിരം, കാതിലെ കമ്മല്‍, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളില്‍ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിന്‍, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. പൊള്ളലുകള്‍ക്കൊപ്പം സ്ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം, കുടലുകള്‍ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തില്‍ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണില്‍ നിന്നും മായുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്‌കാരത്തോടും ആഘോഷങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്ന വെടിക്കെട്ടിനെയും പടക്ക നിര്‍മ്മാണത്തെയും പൂര്‍ണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിര്‍മ്മാണരീതികള്‍ ഇനി ഒരിക്കലും അനുവദിക്കരുത്. ഇത്രയും വലിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിര്‍ത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. നിര്‍മ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഭാഗവും പൂര്‍ണ്ണമായി വേര്‍തിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളും നിര്‍മാണം പൂര്‍ത്തിയായ സ്ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുതെന്നും ഹിതേഷ് ശങ്കര്‍ പറഞ്ഞു.

വെടിക്കെട്ട് നിര്‍മ്മാണപുരകള്‍ കര്‍ശനമായ മേല്‍നോട്ടത്തിലും ലൈസന്‍സിംഗിലും ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഓരോ നിര്‍മ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളില്‍ ഇത്തരം ജോലികള്‍ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴില്‍ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ പരിഗണിക്കണം. ചൂട്, ഘര്‍ഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുന്‍പ് തന്നെ തടയാന്‍ കഴിയുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുണ്ടത്തിക്കോട് കമ്പപ്പുരയിലെ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല. ശരീരഭാഗങ്ങള്‍, തൊലി അടക്കമുള്ള വിവിധ അവയവങ്ങള്‍ , എല്ലുകള്‍ വരെ തെറിച്ചുവീണ നിലയില്‍ ലഭിച്ചു. പല മൃതദേഹങ്ങളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പോലും പ്രയാസമുള്ള അവസ്ഥയിലായിരുന്നു. ബ്രെയിന്‍ തുടങ്ങി വിവിധ അവയവങ്ങള്‍ പാതി വെന്ത അവസഥയില്‍. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മല്‍, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളില്‍ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിന്‍, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. പൊള്ളലുകള്‍ക്കൊപ്പം സ്ഫോടനത്തിന്റെ ആഘാതം അതീവ ഗുരുതരമായിരുന്നു. വായു ഉള്ള ശരീരത്തിലെ ശ്വാസകോശം, കുടലുകള്‍ തുടങ്ങിയ അവയവങ്ങളെ ഏറെ ബാധിച്ചിരുന്നു. ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തില്‍ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദുരന്തം. രക്ഷപെട്ടവരുടെ രോദനം കണ്ണില്‍ നിന്നും മായുന്നില്ല്യ.

ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല. നമ്മുടെ നാട്ടിന്റെ സംസ്‌കാരത്തോടും ആഘോഷങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്ന വെടിക്കെട്ടിനെയും പടക്ക നിര്‍മ്മാണത്തെയും പൂര്‍ണ്ണമായും നിരാകരിക്കാനാവില്ല. പക്ഷേ നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന നിര്‍മ്മാണരീതികള്‍ ഇനി ഒരിക്കലും അനുവദിക്കരുത്. ഇത്രയും വലിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ വളരെ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, അതേ സ്ഥലത്ത് നിരവധി തൊഴിലാളികളെ ഒരുമിച്ച് നിര്‍ത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. നിര്‍മ്മാണം നടക്കുന്ന ഭാഗവും തയ്യാറായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഭാഗവും പൂര്‍ണ്ണമായി വേര്‍തിരിക്കണം. അപകടസാധ്യത കുറഞ്ഞ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളും നിര്‍മാണം പൂര്‍ത്തിയായ സ്ഫോടകവസ്തുക്കളും ഒരേ സ്ഥലത്ത് ഉണ്ടാകരുത്.

വെടിക്കെട്ട് നിര്‍മ്മാണപുരകള്‍ കര്‍ശനമായ മേല്‍നോട്ടത്തിലും ലൈസന്‍സിംഗിലും ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഓരോ നിര്‍മ്മാണപുരക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണം. ചൂട് കൂടുന്ന സമയങ്ങളില്‍ ഇത്തരം ജോലികള്‍ ഒഴിവാക്കണം. രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴില്‍ സമയം നിജപ്പെടുത്തുന്നതുപോലുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ പരിഗണിക്കണം. ചൂട്, ഘര്‍ഷണം, തിരക്ക്, സംഭരണരീതി ഇവയൊക്കെയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഒരു ദുരന്തം സംഭവിച്ച ശേഷം മാത്രം ഞെട്ടി നോക്കിക്കൊണ്ടിരിക്കാതെ, അതിനു മുന്‍പ് തന്നെ തടയാന്‍ കഴിയുന്ന രീതിയില്‍ നിയമങ്ങളും ചട്ടങ്ങളും പുതുക്കേണ്ട സമയമാണിത്. ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്.

ഏപ്രില്‍ 21ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഇതുവരെ പതിനാല് പേരാണ് മരിച്ചത്. വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) വിലയിരുത്തല്‍. ചൂടുമൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതക്കുറവാണെന്നാണ് പെസോയുടെ നിഗമനം. ഷോര്‍ട്ട് സര്‍ട്ട്ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇലക്ട്രിക്കല്‍ ഇന്‍സ്പക്രേറ്റ് പരിശോധന നടത്തുമെന്നും പെസോ അറിയിച്ചിരുന്നു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന യഥാര്‍ത്ഥ തുക ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കിയിരുന്നു.

Scroll to Top