സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, നിയന്ത്രണം15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ ; സമയം SMS വഴി അറിയാം

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, നിയന്ത്രണം15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ ; സമയം SMS വഴി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് വര്‍ധിക്കുന്നതിനിടയില്‍ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി സര്‍ക്കാര്‍. ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുത്തുന്നത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഇനി മുതല്‍ സംസ്ഥാനത്ത് നിശ്ചിത സമയ പരിധിയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

പീക്ക് ലോഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തുക. പീക്ക് ലോഡ് മാനോജ്‌മെന്റ്, പവര്‍ക്കട്ടും ലോഡ് ഷെഡ്ഡിങും പോലെ മുന്‍കൂട്ടി അറിയിക്കില്ല. അതാത് പ്രദേശങ്ങളുടെ വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയുടെ പരിധിക്കപ്പുറത്തേക്ക് കടക്കുമ്പോഴായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇത്തരം സമയങ്ങളില്‍ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കും.

പ്രതിസന്ധി വരുന്ന ഘട്ടങ്ങളില്‍ അതാത് പ്രദേശങ്ങളില്‍ തീരുമാനം എടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വൈദ്യുതി ഉപഭോഗം വിതരണ സംവിധാനത്തിന് തങ്ങാനാവുന്ന പരിധിയിലും കൂടുന്നു എന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ പ്രദേശത്ത് അരമണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉപഭോഗം കൂടിയ സാഹചര്യത്തില്‍ നിയന്ത്രണമില്ലാതെ മുന്നോട്ടുനീങ്ങാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം പലയിടത്തും ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിലേക്ക് കെഎസ്ഇബി കടന്നിരിക്കുന്നത്.

Scroll to Top