എറണാകുളം: പറവ ഫിലിംസില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
ഇന്നലെയാണ് സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആയിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തല്‍. വലിയ പ്രേഷക സ്വീകാര്യത ലഭിച്ച ചിത്രത്തിന് 148 കോടി രൂപയിലേറെ വരുമാനം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 44 കോടി രൂപ നികുതി ഇനത്തില്‍ അടയ്ക്കണം ആയിരുന്നു. എന്നാല്‍ ഇത് നല്‍കിയില്ല. മാത്രവുമല്ല 32 കോടി രൂപ ചിവലും കാണിച്ചിട്ടുണ്ട്. ഇത് കള്ളക്കണക്കാണെന്ന കണ്ടെത്തലിലാണ് ആദായ നികുതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് സൗബിന്‍ ഷാഹിറില്‍ നിന്നും വിശദീകരണം തേടും.
്
മഞ്ഞുമ്മല്‍ ബോയ്സിന്റെ വിതരണത്തിനുള്ള അവകാശം ഡ്രീം ബിഗ് എന്ന വിതരണ സ്ഥാപനത്തിനാണ്. ഇവിടെയും ഇന്നലെ പരിശോധന നടന്നു. പറവ ഫിലിംസ് യഥാര്‍ത്ഥ വരുമാന കണക്കുകള്‍ നല്‍കിയില്ലെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പണം വന്ന സ്രോതസ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
അതേസമയം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സഹായി ഷോണ്‍ ആണെന്നാണ് സൗബിന്‍ പറയുന്നത്.