തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ വരുന്ന റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, അസ്സിസ്റ്റന്റ് ഡയറക്ടര്‍, ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ഓഫീസര്‍ എന്നിവരുടെ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായാണ് വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന. രാവിലെ പത്തര മുതല്‍ ‘ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്’ എന്ന പേരില്‍ സംസ്ഥാന തലത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ ചുമതലയുള്ള അസി. ഡയറക്ടര്‍ ഓഫീസുകളിലും ഹൈസ്‌കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സര്‍വീസ് സംബന്ധമായ വിവിധ വിഷയങ്ങളില്‍ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക നിയമനം, നിയമനം ക്രമവത്ക്കരിക്കല്‍, പുതിയ തസ്തിക സൃഷ്ടിക്കല്‍, ഭിന്നശേഷി സംവരണ പ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണം എന്നീ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ നടപടി സ്വീകരിക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കൈക്കൂലിയായി പണം കൈപ്പറ്റാറുണ്ടെന്നും, ഇതിനായി ഫയലുകളിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനെന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും തന്നെ വിരമിച്ച ഉദ്യാഗസ്ഥരെ സര്‍വീസ് കണ്‍സള്‍ട്ടന്റുകള്‍ എന്ന രീതിയില്‍ സമീപിക്കാന്‍ ഉദ്യോഗാര്‍ഥികളെ ചില ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്നും ഈ വിരമിച്ച ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി നിന്ന് വലിയ അദ്ധ്യാപകരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയെടുത്ത് വിദ്യാഭ്യാസ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് വീതം വച്ച് നല്‍കുന്നതുമായാണ് വിജിലന്‍സിന് ലഭിച്ച വിവരം.
കൂടാതെ എയ്ഡഡ് മേഖലയിലെ സര്‍വീസ് ആനൂകൂല്യം അനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യ കാലതാമസം വരുത്തുന്നതായും, അദ്ധ്യാപക/അനദ്ധ്യാപക കരുടെ ഭൂരിഭാഗം അപേക്ഷകളും ചില ഉദ്യോഗസ്ഥര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കാറുള്ളതായും, ആനുകൂല്യങ്ങള്‍ക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാല്‍ മാത്രമേ പ്രസ്തുത അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാറുള്ളുവെന്നും വിവരം ലഭിച്ചിരുന്നു.




