പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായ വിധിയെഴുത്ത്, ജനവിധി അംഗീകരിക്കുന്നു: പി രാജീവ്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ വി ഇ അബ്ദുള്‍ ഗഫൂറിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിലൂടെ പ്രതികരിച്ചു.
കേരളത്തിലാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ടു, അതിന്റെ പ്രതിഫലനം കളമശേരി മണ്ഡലത്തിലുമുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
ജനവിധി പൂര്‍ണമായും അംഗീകരിച്ച് എവിടെയാണ് പിഴവുകള്‍ സംഭവിച്ചതെന്നും ജനപിന്തുണയില്‍ കുറവുണ്ടായതെന്നും പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും വീഴ്ചകള്‍ പഠിച്ചും ജനവിശ്വാസം ആര്‍ജ്ജിച്ച് ശക്തമായി തിരിച്ചുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കളമശ്ശേരിയില്‍ വിജയിച്ച അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറിന് അഭിനന്ദനങ്ങള്‍ നേരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലാകെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. കളമശ്ശേരി മണ്ഡലത്തിലും അതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വികസന കാര്യങ്ങളിലും ജനകീയ വിഷയങ്ങളിലും സജീവമായി ഇടപെടാന്‍ സാധിച്ചു എന്നാണ് വിശ്വാസം.
എങ്കിലും, പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു വിധിയെഴുത്താണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ഈ ജനവിധി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. എവിടെയാണ് പിഴവുകള്‍ സംഭവിച്ചതെന്നും ജനപിന്തുണയില്‍ കുറവുണ്ടായതെന്നും പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും വീഴ്ചകള്‍ പഠിച്ചും ജനവിശ്വാസം ആര്‍ജ്ജിച്ച് ശക്തമായി തിരിച്ചുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. കളമശ്ശേരിയിലും കേരളത്തിലാകെയും ഇടതുപക്ഷത്തിന് വോട്ട് നല്‍കിയ എല്ലാ സമ്മതിദായകര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.




