പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാന്‍ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാന്‍ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയന്‍ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ട്വന്റിഫോര്‍ മെഗാ ബ്രേക്കിങ്.

പ്രതിപക്ഷത്തെ മുതിര്‍ന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വര്‍ഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം ചോദ്യം ഉയര്‍ത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് വിലയിരുത്തല്‍.

Read Also: ‘തിരഞ്ഞെടുപ്പ് തോല്‍വി’; സിപിഐഎം – സിപിഐ നേതൃ യോഗങ്ങള്‍ ഇന്ന് ചേരും

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ സിപിഐഎം – സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മുന്നണിക്കുണ്ടായ കനത്ത തോല്‍വിയെ കുറിച്ച് വിശദമായ ചര്‍ച്ച നടക്കും. ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബിയും യോഗത്തില്‍ പങ്കെടുക്കും. പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

പ്രതിപക്ഷ നേതാവാര് എന്നതിലും ചര്‍ച്ച നടക്കും ഫലം വിലയിരുത്താന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും എക്‌സിക്യൂട്ടീവ് ഉച്ചയ്ക്കും ചേരും. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ കാര്യമായ വിമര്‍ശനത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയന്‍ ഇന്ന് ക്ലിഫ് ഹൌസ് ഒഴിയും. എകെജി സെന്ററിന് സമീപത്തെ സിപിഐഎം പിബി അംഗങ്ങള്‍ക്കായുള്ള ഫ്‌ലാറ്റിലേക്കാണ് പിണറായി വിജയന്‍ മാറുന്നത്.

Scroll to Top