തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും,തിരുത്തലുകള്‍ വരുത്തി പാര്‍ട്ടി ശക്തമായി തിരിച്ചുവരും: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കുകയും ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തിയും ഇടതുപക്ഷം തിരിച്ചുവന്ന ചരിത്രമാണ് കേരളത്തിലുള്ളത്. തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. മെയ്, ജൂണ്‍ മാസത്തോടെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കുകയും അത് മുഖവിലയ്ക്കെടുക്കുകയും ചെയ്യും. വിലയിരുത്തലുകള്‍ സത്യസന്ധമായിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ആകെ ലഭിച്ചത് 37.6 ശതമാനം വോട്ടാണ്. കുറഞ്ഞ വോട്ടാണത്. 2019ല്‍ 35.01 ശതമാനവും 2024ല്‍ 33.35 ശതമാനം വോട്ടുകളും എല്‍ഡിഎഫിന് ലഭിച്ച സാഹചര്യമുണ്ടായിരുന്നു. തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രാഥമിക പരിശോധനയാണ് നടന്നത്. വരും ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തും.
സഖാക്കള്‍ക്ക് സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാന്‍ അവസരം കൊടുക്കും. ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റികളും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ലോക്കല്‍ കമ്മിറ്റികളും ഏരിയ കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് ബ്രാഞ്ച് യോഗങ്ങളും ചേരും. പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. യോഗങ്ങളിലെ ചര്‍ച്ചകള്‍ കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് റിവ്യൂ തയ്യാറാക്കി താഴേക്ക് പോകില്ല. പറയാനുള്ളത് എല്ലാം കേള്‍ക്കും. കൃത്യമായ റിവ്യൂ തയ്യാറാക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. തോല്‍വിയുടെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാനത്തുടനീളം സിപിഐഎമ്മിനെതിരെ പ്രചാരണങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. അത്തരത്തിലുള്ള പ്രചാരണങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ട് പാര്‍ട്ടിയെയും ഘടകകക്ഷികളെയും ജനങ്ങളെയും മുഖവിലയ്ക്കെടുത്ത് മുന്നോട്ടുപോകും. സാധാരണ ഭരണമാറ്റം വരുന്ന സംസ്ഥാനമാണ് കേരളം. അത് തിരുത്തിക്കുറിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയപക്ഷത്താണെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.




