I
സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് ഇമെയില്‍ പ്രവാഹമെന്ന് റിപ്പോര്‍ട്ട്. വയനാട്ടില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മെയിലിലുള്ളത്.
കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ പ്രവാഹമെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് മെയിലിലുള്ളത്. അതേസമയം, പ്രിയങ്കയുടെ മണ്ഡലത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കള്‍
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനവും സാധ്യത കെ സി വേണുഗോപാലിനെന്ന് കെസി പക്ഷ നേതാക്കള്‍. പിന്മാറില്ലെന്ന സന്ദേശം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും അറിയിച്ചു. ഒട്ടും മയം വേണ്ടെന്ന നിലപാടിലാണ് കെ സി പക്ഷം. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകില്ലെന്നാണ് അവകാശവാദം. ആറു മാസത്തെ സമയമുണ്ട്. സര്‍ക്കാര്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നും അതോടെ ജയിക്കുമെന്നുമാണ് കെസി പക്ഷ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.
തിരുവനന്തപുരത്ത് സതീശന്‍ അനുകൂലികള്‍ കെസിയുടെ ഫ്‌ളക്‌സ് കീറിയത് പുതിയ ആയുധമാക്കാനാണ് കെസി പക്ഷ നേതാക്കളുടെ നീക്കം. ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയും കീറിയെന്നാണ് വിമര്‍ശനം. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്കെതിരെ വിഡി പക്ഷം പ്രചാരണം നടത്തിയെന്ന പരാതിയും ഉന്നയിക്കും. അതേസമയം വിഡി പക്ഷവും ആത്മവിശ്വാസത്തില്‍ ആണ്. എല്ലാ ഘടകങ്ങളും പരിശോധിക്കണം എന്ന് സതീശന്‍ ആവശ്യപ്പെടും. എംഎല്‍എമാരുടെ എണ്ണം മാത്രം കണക്കില്‍ എടുക്കരുത്. മത്സരിച്ചത് മുന്നണിയായിട്ടാണെന്നും ഘടക കക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും ആവശ്യപ്പെടും. എന്നാല്‍ സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും രംഗത്തുണ്ട്.




