കുറ്റിപ്പുറം : ശബരിമല തീര്‍ത്ഥടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കുറ്റിപ്പുറത്ത് ദേശീയപാത അതോറിറ്റി സൗകര്യമൊരുക്കുന്നു. കുറ്റിപ്പുറം ഹീല്‍ ഫോര്‍ട്ട് ഹോസ്പിറ്റലിന് എതിര്‍വശത്തായി ദേശീയപാതയിലെ നിരീക്ഷണ ക്യാമറ ഓപ്പറേറ്റിങ് സെന്ററിന്റെ ഇരുഭാഗത്തുമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലമാണ് അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ഉപയോഗിക്കുക.
ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ കുറ്റിപ്പുറം പാലത്തിന്റെ കിഴക്കു ഭാഗത്തും പടിഞ്ഞാറുഭാഗത്തെ മിനിപമ്പയിലും തീര്‍ത്ഥാടകര്‍ക്ക് കുളിക്കാനിറങ്ങാം.പാലത്തിനു താഴെയായി വിരിവെക്കാനും കഴിയും. ദേശീയപാത 66-ആറുവരിപ്പാതയുടെ നിര്‍മാണത്തെത്തുടര്‍ന്ന് മിനിപമ്പയിലെ ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളം ഇല്ലാതായതിനെത്തുടര്‍ന്നാണ് ദേശീയപാതാ അതോറിറ്റി പുതിയ സ്ഥലം ഇതിനായി കണ്ടെത്തിയത്.
മിനിപമ്പയില്‍ ഇടത്താവളം ഇല്ലാതായിട്ടും ഇവിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകയാത്രികര്‍ വാഹനങ്ങള്‍ ഇപ്പോഴുമിവിടെ നിര്‍ത്തിയിടുന്നുണ്ട്. മിനിപമ്പയിലെ റോഡരികില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു കാരണം ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതിനെത്തുടര്‍ന്നാണ് ദേശീയപാത അതോറിറ്റി തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പുതിയ സ്ഥലത്ത് സൗകര്യമൊരുക്കുന്നത്.
ലെയ്സണ്‍ ഓഫീസര്‍ പി പി അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം വ്യാഴാഴ്ച കുറ്റിപ്പുറത്ത് സന്ദര്‍ശനം നടത്തി.രാമനാട്ടുകര മുതല്‍ കാപ്പിരിക്കാടുവരെ ജില്ലയില്‍ ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ അപകടകരമായ തിരിവുകള്‍ ഉള്ളിടത്ത് കൂടുതല്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഗതാഗതക്കുരുക്ക് ഉണ്ടാകുന്നിടത്ത് പരിഹാരസംവിധാനങ്ങളും ഒരുക്കും.




