സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ, സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖര്‍ ഗവര്‍ണര്‍ക്കൊപ്പം നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചത് ഗുരുതര ചട്ടലംഘനമായി. പ്രോട്ടോകോള്‍ പ്രകാരം ഡിജിപിക്ക് സഭയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. സ്പീക്കര്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് മറുപടി നല്‍കുകയും ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖര്‍ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്ക് പോയി. നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാന്‍ ഡിജിപിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാന്‍ പ്രോട്ടോകോള്‍ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാര്‍ത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഡിജിപി സഭയ്ക്ക് അകത്ത് വന്നത് ഗവര്‍ണര്‍ക്കൊപ്പമാണ്. പ്രോട്ടോകോള്‍ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തിയിരുന്നു. സഭാതലത്തില്‍ പ്രവേശിച്ച ശേഷമാണ് മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത് പോയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി. അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും സ്പീക്കര്‍ മറുപടിയില്‍ പറഞ്ഞു.
പിന്നീട് വാര്‍ത്താ സമ്മേളനത്തിലും വിഷയം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. മുന്‍പില്ലാത്ത കീഴ്വഴക്കമാണിത്. സാധാരണ ഗതിയില്‍ ചെയ്യാന്‍ പാടില്ലാത്തത്. അക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പെടുത്തി. സ്പീക്കര്‍ ഡിജിപിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു




