ഹോട്ടലിലെ തീപിടുത്തത്തില്‍ മരണം 21 ആയി, ഏറെയും വിദേശികള്‍; എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

പ്രധനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യകതമാക്കി. ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു.

ലെമണ്‍ ഗ്രീന്‍ ഹോട്ടലില്‍ അനുമതിയില്ലാതെ 25 മുറികള്‍ പ്രവര്‍ത്തിച്ചുവെന്നാണ് വിവരം. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായി എന്ന് റിപ്പോര്‍ട്ട്. 6 മുറികള്‍ക്കായിരുന്നു ലൈസന്‍സ് പ്രകാരം അനുമതി. എന്നാല്‍ 25 ഓളം മുറികള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നതായി വിവരം. പ്രാദേശികവാസികള്‍ നല്‍കുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലില്‍ അപകടം നടക്കുമ്പോള്‍ നിരവധി താമസക്കാരുണ്ടായിരുന്നു.

ഇവരില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. ഹോട്ടലിന്റെ താഴത്തെ നിലയില്‍ ഒരു റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്.

Scroll to Top