ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടിയ്ക്ക് താല്‍കാലിക ആശ്വാസം. തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലന്‍സ് കോടതി പരാമര്‍ശം ഹൈക്കോടതി നീക്കി. തന്ത്രിയുടെ ജാമ്യം തള്ളിക്കളയണമെന്ന ആവശ്യവും എസ്‌ഐടി ഉന്നയിച്ചിരുന്നു. എന്നാല്‍ തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യം റദ്ദാക്കാന്‍ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.പരാമര്‍ശങ്ങള്‍ കേസിന്റെ മുന്നോട്ട് പോക്കിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എസ്‌ഐടി ഹര്‍ജി നല്‍കിയത്.
അറസ്റ്റിലായ 41 ദിവസം കഴിഞ്ഞപ്പോഴാണ് കേസില്‍ തന്ത്രി കണ്ഠര് രാജീവരരിന് ജാമ്യം അനുവദിച്ചത്. തന്ത്രിക്ക് കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായും മറ്റുള്ള ആളുകളുമായും തന്ത്രിയ്ക്ക് ബന്ധമുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം എസ്‌ഐടിയുടെ പക്കല്‍ ഉണ്ടെന്നും വ്യക്തമാക്കിയിട്ടുപോലും അവ പരിശോധിക്കാനോ തെളിവുകള്‍ പരിഗണിക്കാനോ വിചാരണക്കോടതി തയ്യാറായിരുന്നില്ല എന്നായിരുന്നു എസ്‌ഐടിയുടെ വിലയിരുത്തല്‍.
2025ല്‍ ശബരിമലയിലെ ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്‌ഐടി ഇന്നലെ അറിയിച്ചിരുന്നു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ അടുത്ത റിപ്പോര്‍ട്ടിലൂടെ അറിയിക്കുമെന്നും എസ്.ഐ.ടി വ്യക്തമാക്കി. സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് പാളികളെ കുറിച്ച് അന്വേഷണം നടത്തും. 1998ലെ ചെമ്പ് പാളികളിലേക്കും അന്വേഷണം നടത്തും. ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു.




