സാധാരണക്കാരനും ഇനി ചിരിക്കാം! ഇലക്ട്രിക് വാഹന വില കുറയും

കേരള ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി. കുറഞ്ഞ വിലയുള്ള ഇവികള്‍ക്ക് നികുതി കുറച്ചപ്പോള്‍ ആഡംബര ഇവികള്‍ക്ക് നികുതി വര്‍ധിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് നികുതിയിളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യപരിധിയും 15 ലക്ഷമായി ഉയര്‍ത്തി.
ഇന്നത്തെ കേരള ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വാഹന നികുതി രംഗത്ത് സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കില്‍ വരുമാനപരിധി അടിസ്ഥാനമാക്കി വ്യത്യാസങ്ങള്‍ കൊണ്ടുവന്നതാണ് പ്രധാന നിര്‍ദേശം.

10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവിലെ അഞ്ച് ശതമാനം റോഡ് നികുതി മൂന്ന് ശതമാനമായി കുറച്ചു. ഇതിലൂടെ സാധാരണ കുടുംബങ്ങള്‍ക്കും മധ്യവര്‍ഗ്ഗ ഉപഭോക്താക്കള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ സുലഭമാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

അതേസമയം, 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി എട്ട് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം നികുതി തുടരും. 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിച്ചു. ഉയര്‍ന്ന വിലയുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി വരുമാനം വര്‍ധിപ്പിക്കാനും, താഴ്ന്ന വിലയുള്ള വാഹനങ്ങള്‍ക്ക് ഇളവ് നല്‍കി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം.

ഭിന്നശേഷിക്കാര്‍ക്ക് മോട്ടര്‍ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യപരിധി നിലവിലുള്ള ഏഴ് ലക്ഷത്തില്‍ നിന്നും 15 ലക്ഷം രൂപയായി ഉയര്‍ത്തി. പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും വരുമാന സമതുലിതാവസ്ഥ ഉറപ്പാക്കാനുമുള്ള നീക്കമായാണ് കേരള സര്‍ക്കാരിന്റെ ഈ ബജറ്റ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

Scroll to Top