ക്ഷേമ പെന്‍ഷന്‍ വര്‍ധന സര്‍ക്കാറിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ മാസത്തെ പെന്‍ഷന്‍ വിതരണം 24ന് തുടങ്ങുമെന്നും നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ചോദ്യോത്തരവേളയില്‍ സഭയില്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങള്‍ ക്ഷേമ പദ്ധതികളോടുള്ള പുതിയ സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ചായിരുന്നു. അതില്‍ ക്ഷേമപെന്‍ഷന്‍, പ്രിയദര്‍ശിനി, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത് മുഖ്യമന്ത്രിയായിരുന്നു. ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധന സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്റെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്നും ഉറപ്പു നല്‍കി.
കൂടാതെ പ്രിയദര്‍ശനി പദ്ധതി വന്നതിന് പിന്നാലെ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കി മാറ്റി എന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളിയ മുഖ്യമന്ത്രി ഇപ്പോള്‍ നടക്കുന്നത് വ്യാപക കള്ളപ്രചാരണമാണെന്നും പറഞ്ഞു.
ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ നവാഗത എംഎല്‍എ എ ഡി തോമസിന് ചോദ്യം ഉന്നയിക്കാന്‍ അവസരം ലഭിച്ചു. പ്രതിപക്ഷത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കെഎം ഷാജിയോട് ചോദിക്കാന്‍ ഉണ്ടായിരുന്നത് ലൈഫ് ഭവന പദ്ധതിയുടെ ഭാവിയെക്കുറിച്ചായിരുന്നു. എന്നാല്‍ പദ്ധതിയെക്കുറിച്ച് നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിനിടെ പ്രിയദര്‍ശിനി പദ്ധതിയെകുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം ഗതാഗത വകുപ്പ് മന്ത്രി സി പി ജോണും പ്രതിപക്ഷത്തിനും മറുപടി നല്‍കി. ഒറ്റ ഓര്‍ഡിനറി ബസും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി ആവര്‍ത്തിച്ച സി പി ജോണ്‍ ഏതെങ്കിലും അങ്ങനെ ആക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ മാറ്റാമെന്നും കൂട്ടിച്ചേര്‍ത്തു.




