രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതാണ് ഇതിന് കാരണം. എന്നാല്‍ പൊതുമേഖലാ കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജി പെട്രോള്‍, ഡീസല്‍ വില കുറച്ചു. കമ്പനിയുടെ കീഴിലുള്ള പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിലാണ് വില കുറച്ചത്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കമ്പനി റീട്ടെയ്ല്‍ ഇന്ധനവില കുറയ്ക്കുന്നത്.
രാജ്യത്താകെയുള്ള നയാരയുടെ ഏഴായിരത്തിലധികം പെട്രോള്‍ പമ്പുകളില്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു. എന്നാല്‍ ഓരോ സംസ്ഥാനത്തെയും പ്രാദേശിക നികുതികളും മൂല്യവര്‍ദ്ധിത നികുതിയും വ്യത്യാസമുള്ളതിനാല്‍ പമ്പുകളിലെ വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. അതേസമയം പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വിലയില്‍ നിലവില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പെട്രോള്‍ പമ്പുകളുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ വില കുറയ്ക്കാന്‍ തയ്യാറായിട്ടില്ല.
നേരത്തെ ഇറാന്‍ – യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍ ഇന്ധന വില ആദ്യം വര്‍ധിപ്പിച്ച കമ്പനികളില്‍ ഒന്നായിരുന്നു നയാര. മാര്‍ച്ച് 26ന് കമ്പനി പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് പകുതിയോടെ പൊതുമേഖലാ കമ്പനികള്‍ ലിറ്ററിന് 7.50 രൂപ വരെ പല തവണയായി വര്‍ധിപ്പിച്ചു. ഇറാന്‍ – യുഎസ് വെടിനിര്‍ത്തലിന് പിന്നാലെയാണ് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴേക്ക് വന്നത്. എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ സുഗമമായ വിതരണം പുനഃസ്ഥാപിക്കപ്പെട്ടത് ആശ്വാസമായെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില കുറച്ചിട്ടില്ല.




