ഓപ്പറേഷന്‍ തൂഫാന് ആകെ നാണക്കേട്! മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് നടപടി. സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ മൂന്ന് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന ലഹരി വേട്ട സംഘമാണ് ഡാന്‍സാഫ്.
പത്തനംതിട്ട: പത്തനംതിട്ടയില്‍ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ജില്ലാ പൊലീസ് മേധാവി. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലുള്ള മൂന്ന് പൊലീസുകാര്‍ക്കെതിരെയാണ് നടപടി. സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ മൂന്ന് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി നേരിട്ട് നിയന്ത്രിക്കുന്ന ലഹരി വേട്ട സംഘമാണ് ഡാന്‍സാഫ്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ പത്തനംതിട്ട എസ്പി ഓഫീസിന് സമീപമായിരുന്നു സംഭവം. അര്‍ദ്ധരാത്രി തന്നെ നടപടി പൂര്‍ത്തിയാക്കിയെന്ന് എസ്പി അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി തൂഫാന്‍ നടപടിക്ക് ആകെ നാണക്കേട് ഉണ്ടാക്കി എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. മദ്യപിച്ച് വാഹനം ഓടിച്ചതിന് പ്രിയേഷ് എം എന്ന പൊലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്. നാട്ടുകാര്‍ തടഞ്ഞിട്ടതിന് പിന്നാലെ മറ്റ് രണ്ട് പേര്‍ സ്ഥലം വിട്ടിരുന്നു.

രക്ഷപ്പെട്ടത് തലനാഴിരയ്ക്ക് എന്ന് ഓട്ടോ ഡ്രൈവര്‍ ശോഭ
തന്റെ ഓട്ടോയിലും മറ്റ് വാഹനങ്ങളിലും പൊലീസ് ജീപ്പ് ഇടിക്കേണ്ടതായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍ ശോഭ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട് പൊലീസുകാരന്‍ ഡ്രൈവര്‍ സീറ്റില്‍ കിടന്നാണ് ഓടിച്ചത്. താന്‍ പിന്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ വലിയ അപകടമുണ്ടായേനെ എന്നും ശോഭ പറയുന്നു. പൊലീസ് വാഹനത്തില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ ഇറങ്ങിയോടി. ആളുകൂടി ചോദ്യംചെയ്തപ്പോഴാണ് ഒരു ഉദ്യോഗസ്ഥന്‍ ഓടി രക്ഷപ്പെട്ടത്. വാഹനം ഓടിച്ചയാളെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Scroll to Top