കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം, അഞ്ചംഗ സമിതിയെ രൂപീകരിച്ചു സര്‍ക്കാര്‍; ദുരന്തബാധിതര്‍ക്ക് ധനസഹായം

കള്ളാടിയിലെ ദുരന്തകാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം, അഞ്ചംഗ സമിതിയെ രൂപീകരിച്ചു സര്‍ക്കാര്‍; ദുരന്തബാധിതര്‍ക്ക് ധനസഹായം

കള്ളാടി തുരങ്കപാത ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ രൂപീകരിച്ച് ഉത്തരവ്. അഞ്ചംഗ സമിതിയെ ആണ് നിയോഗിച്ചത്.
തിരുവനന്തപുരം: ആനക്കാംപൊയില്‍ – കള്ളാടി തുരങ്കപാത നിര്‍മ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. റവന്യൂ ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കണ്‍വീനറായ സമിതിയാണ് ദുരന്തകാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുക. ജിയോളജിസ്റ്റായ ഡോ. സിപി രാജേന്ദ്രന്‍, എക്കോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, എക്കോളജിസ്റ്റ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഡോ. പി പുകഴേന്തി ഐഎഫ്എസ്, പൊതുമരാമത്ത് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

അപകടത്തിന്റെ കാരണത്തിലും കരാര്‍ കമ്പനി കരാര്‍ നിബന്ധനകള്‍ ലംഘിച്ചോ എന്നതിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതിയിലും പരിശോധന നടക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കി. വിദഗ്ധസംഘം നല്‍കുന്ന റിപ്പോര്‍ട്ട് തുരങ്കപാതയുടെ ഭാവിയില്‍ നിര്‍ണായകമാകും.

ദുരന്തബാധിതര്‍ക്ക് ധനസഹായം
മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള സഹായധനം സംബന്ധിച്ചും ഉത്തരവ് പുറത്തിറങ്ങി. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഭിപ്രായ ഭിന്നതയ്ക്ക് പിന്നാലെ നിര്‍ണായക കേന്ദ്രകമ്മിറ്റിയോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഇപി; കണ്ണൂരില്‍ തുടരുന്നു, ഇപിയെ തള്ളി ദില്ലിയിലെത്തിയ നേതാക്കള്‍
ഇനി കണ്ടെത്താനുള്ളത് ഒരാളെ
കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇനി കണ്ടെത്താനുള്ളത് ഒരാളെ. ഹിമാചല്‍ പ്രദേശ് സ്വദേശി വിക്രം റാണയെ ആണ് കാണാതായത്. വിക്രം റാണയ്ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുകയാണ്. രണ്ടാം സോണ്‍ കേന്ദ്രീകരിച്ചു മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഇവിടെ നിന്ന് മൃതദേഹം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുണ്ടെന്നാണ് തെരച്ചില്‍ സംഘത്തിന്റെ നിഗമനം. നിലവില്‍ മേഖലയില്‍ കാലാവസ്ഥ അനുകൂലമാണ്. അപകടത്തില്‍ ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചു.

Scroll to Top