ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ ക്രമക്കേട്; ചെലവുകളുടെ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ല; ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോര്‍ട്ട്

കൊവിഡ് വ്യാപനം തടയാനുള്ള ബ്രേക്ക് ദ ചെയിന്‍ പദ്ധതിയില്‍ ക്രമക്കേട്. ചെലവുകളുടെ പൂര്‍ണ്ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്ന്
സാമൂഹ്യ സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോര്‍ട്ട്. ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട്.

ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. പദ്ധതി നടപ്പാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവിലില്ല. സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകള്‍ക്ക് മുന്‍കൂറായി നല്‍കിയെന്ന് കണ്ടെത്തല്‍. വരവ് ചെലവ് കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട്.

ബില്ലുകളിലും വൗച്ചറുകളിലും അവ്യക്തതയില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പ് ആയി ലഭിച്ച സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നും ധനകാര്യ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ പര്‍ച്ചേസുകള്‍ നടത്തുകയും ചെയ്തു. ഡോ.മുഹമ്മദ് അഷീലിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ലെന്നും വകുപ്പുതല അച്ചടക്ക നടപടി വേണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Scroll to Top