സംഭാവന കൊള്ള; SIT സംഘം അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കും, നിലവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ രാമക്ഷേത്ര ട്രസ്റ്റ് മുന്‍ അംഗം അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ വീണ്ടും ചോദ്യം ചെയ്യാന്‍ SIT. മറ്റു ട്രസ്റ്റ് ഭാരവാഹികളില്‍ നിന്നും വിവരങ്ങള്‍ തേടും. ഇടക്കാല ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഗോവിന്ദ് ദേവ് ഗിരിയെ SIT സംഘം കാണും. SIT സംഘം അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കും. നിലവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ നീക്കം.

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവനയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തോട്(എസ്.ഐ.ടി.) റിപ്പോര്‍ട്ട് തേടിയിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രസര്‍ക്കാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. അന്വേഷണ പുരോഗതിയും സംഘത്തിന്റെ ഘടനയും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.പി. സര്‍ക്കാര്‍ രൂപീകരിച്ച എസ്.ഐ.ടിയോട് കോടതി നിര്‍ദേശിച്ചു.

ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയക്കുന്നതിനെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തെങ്കിലും കോടതി അത് തള്ളി. എസ്.ഐ.ടി. രൂപീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്ന കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Scroll to Top