തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം ഇന്ദിരാ ഗ്യാരന്റിയായ ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാ പദ്ധതി വിജയകരമായി ഒരു മാസം പിന്നിടുന്നു. സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൌജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതി ഇതിനോടകം വന്‍ വിജയമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണം 7.25 ലക്ഷത്തില്‍ നിന്ന് 11.84 ലക്ഷമായി ഉയര്‍ന്നതോടെ ലക്ഷക്കണക്കിന് സ്ത്രീകളും ഈ വിലയിരുത്തല്‍ ശരിവെക്കുകയാണ്. പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ സാധാരണക്കാരായ സ്ത്രീ യാത്രക്കാര്‍ക്ക് പ്രതിമാസം വലിയൊരു തുക ലാഭിക്കാന്‍ കഴിയുന്നതാണ് പദ്ധതിയുടെ സാമൂഹിക പങ്കാളിത്തം വര്‍ദ്ധിക്കാന്‍ കാരണം.
എന്നാല്‍, പ്രിയദര്‍ശിനി പദ്ധതിയുടെ വരവോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു മാസത്തിനിടെ തങ്ങള്‍ക്ക് 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കുന്നു. വരുമാന ചോര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം അഞ്ഞൂറിലധികം ബസുകളാണ് സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചത്. ഡീസല്‍ അടിക്കാനുള്ള പണവും തൊഴിലാളികളുടെ കൂലിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ബാക്കിയുള്ള സര്‍വീസുകളും പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പരാതിപ്പെടുന്നു.
സ്വകാര്യ ബസ് മേഖലയുടെ ഈ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഗതാഗത മന്ത്രി സി. പി. ജോണിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മുന്‍ ഗതാഗത കമ്മീഷണര്‍ കെ. പദ്മകുമാറിന്റെ അധ്യക്ഷതയില്‍ അഞ്ചംഗ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു കഴിഞ്ഞു. ഈ സമിതി ആറാഴ്ചയ്ക്കകം സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, സ്വകാര്യ ബസുകള്‍ക്ക് സബ്സിഡിയോ മറ്റ് ഇളവുകളോ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി
‘പ്രിയദര്‍ശിനി’ പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നമസ്‌തേ കേരളം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു സര്‍ക്കാര്‍ പദ്ധതിയും ജനങ്ങള്‍ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്ത് ഏറ്റെടുത്തിട്ടില്ല.പദ്ധതി സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തി. സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചു. പൊതുജനങ്ങള്‍ പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനൊപ്പം പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി നിലവില്‍ മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പുതിയ ഗതാഗത നയം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും സി.പി. ജോണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.




