വയോധികയുടെ മൂന്നുപവന്‍ മാല പൊട്ടിച്ച കേസില്‍ പ്രതികള്‍ 24 മണിക്കൂറിനുള്ളില്‍ പിടിയില്‍

തലശ്ശേരി: ധര്‍മ്മടത്ത് വയോധികയുടെ മൂന്ന് പവന്‍ സ്വര്‍ണമാല പൊട്ടിച്ച കേസിലെ പ്രതികള്‍ 24 മണിക്കൂറിനുള്ളില്‍ പോലീസ് വലയിലായി. ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ധര്‍മ്മടം ചാത്തോടത്ത് തനിച്ച താമസിക്കുന്ന അസുഖബാധിതയായ വയോധികയുടെ വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. വീട് വാടകയ്ക്ക് ലഭിക്കുമോയെന്ന് ചോദിച്ചാണ് പ്രതികള്‍ വീടിനകത്ത് കയറിയത്. പിന്നീട് വയോധികയുടെ കഴുത്തില്‍ നിന്ന് ഏകദേശം 3 പവന്‍ സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ വയോധികയുടെ പരാതിയെ തുടര്‍ന്ന് ധര്‍മ്മടം പോലീസും തലശ്ശേരി എ.എസ്.പി. സ്‌ക്വാഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ധര്‍മ്മടം സ്വദേശി മുഹമ്മദ് യാസിന്‍, തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ് എന്നിവരാണ് അറസ്റ്റിലായത്. മാല വിറ്റശേഷം കാസര്‍കോട് നിന്ന് വാഹനം വാടകയ്‌ക്കെടുത്ത് മംഗലാപുരത്തേക്ക് കടന്ന പ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു.

തുടര്‍ന്ന് പോലീസ് സംഘം കാസര്‍കോട്, സൂറത്ത്കല്‍, മംഗലാപുരം മേഖലകളില്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ സൂറത്ത്കലില്‍ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികളില്‍ മുഹമ്മദ് അനസിനെതിരെ തലശ്ശേരി പോലീസ് സ്റ്റേഷനിലും മുഹമ്മദ് യാസിനെതിരെ കോഴിക്കോട് റെയില്‍വേ പോലീസ് സ്റ്റേഷനിലും നേരത്തെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി. വിജയ് ഭരത് റെഡ്ഡിയുടെയും തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപന്റെയും മേല്‍നോട്ടത്തില്‍ എസ്.ഐ. അനുരൂപും ധര്‍മ്മടം പോലീസും തലശ്ശേരി എ.എസ്.പി. സ്‌ക്വാഡും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്.

Scroll to Top