രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: യുജിസി-നെറ്റ് പരീക്ഷയുടെ മൂന്ന് ചോദ്യപേപ്പറുകള്‍ റദ്ദാക്കി പുനഃക്രമീകരിച്ചതിന് പിന്നാലെ സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പരീക്ഷാ ബോഡിയുടെ പിഴവുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കുകയാണ്.

തെറ്റ് ചെയ്യുന്നത് NTA, ശിക്ഷ അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികള്‍. രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി. വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം നഷ്ടമാകുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്നതില്‍ NTA ഉത്തരം ഇല്ല. തെറ്റ് സമ്മതിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും വിമര്‍ശനം. NTA ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

”മോദി ജി, നിങ്ങളുടെ എന്‍ടിഎ ഇപ്പോള്‍ എന്താണ് ചെയ്തതെന്ന് നോക്കൂ. പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ മാസങ്ങള്‍ ചെലവഴിച്ച ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വരുത്തിയ പിഴവുകള്‍ കാരണം വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നു.

വര്‍ഷങ്ങളായി തയ്യാറെടുക്കുകയും, ഫോമുകള്‍ പൂരിപ്പിച്ച്, ഫീസ് അടച്ച്, വിദൂര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോള്‍ സെപ്റ്റംബറില്‍ എല്ലാം വീണ്ടും ചെയ്യണം. NTA തെറ്റ് ചെയ്യുന്നു, പക്ഷേ വിദ്യാര്‍ത്ഥി ശിക്ഷ അനുഭവിക്കുന്നു,” രാഹുല്‍ ഗാന്ധി പറഞ്ഞു.

”യഥാര്‍ത്ഥ ചോദ്യത്തിന് എന്‍ടിഎ ഇപ്പോഴും ഉത്തരം നല്‍കുന്നില്ല – പരീക്ഷയ്ക്ക് മുമ്പ് ഈ ചോദ്യപേപ്പറുകള്‍ ചോര്‍ന്നോ?” രാഹുല്‍ ഗാന്ധി ചോദിച്ചു. മൂന്ന് പേപ്പറുകളെക്കുറിച്ച് ലഭിച്ച പരാതികള്‍ ഒരു കമ്മിറ്റി പരിശോധിച്ചതിന് ശേഷമാണ് എന്‍ടിഎ വീണ്ടും പരീക്ഷ പ്രഖ്യാപിച്ചത്.

രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിലെ ആഴത്തിലുള്ള പ്രശ്‌നങ്ങളാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണപരമായ പിഴവുകള്‍ കാരണം വിദ്യാര്‍ത്ഥികള്‍ കഷ്ടപ്പെടുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Scroll to Top