പ്രിയദര്‍ശിനി സര്‍വീസിന്റെ ഷെഡ്യൂളില്‍ മാറ്റത്തിന് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താന്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തുന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്താന്‍ ശുപാര്‍ശകള്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പ്രിയദര്‍ശിനി സര്‍വീസിന്റെ ഷെഡ്യൂളില്‍ മാറ്റത്തിനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുക്കുന്നത്.

മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തി.സ്വകാര്യ മേഖലക്കായി സുപ്രധാന ശുപാര്‍ശകളാണ് വിദഗ്ധ സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ സര്‍ക്കാരിന് പാട്ടത്തിന് എടുക്കാം എന്നാണ് പ്രധാനപ്പെട്ട് മറ്റൊരു നിര്‍ദേശം. ബസുകള്‍ പാട്ടത്തിന് നല്‍കാന്‍ തയ്യാറെന്ന് ബസുടമകള്‍ നിര്‍ദേശം വെച്ചിരുന്നു.കിലോ മീറ്ററിന് നിശ്ചിത നിരക്ക് ബസുടമള്‍ക്ക് നല്‍കും എന്നതാണ് നിര്‍ദ്ദേശം.

ജൂണ്‍ 15 ന് പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ വന്‍ വരുമാന നഷ്ടമാണ് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായത്. 500 ബസുകള്‍ പൂര്‍ണമായി സര്‍വീസ് നടത്തി. നിലവില്‍ സംസ്ഥാനത്തുള്ള 11,000 ബസുകളില്‍ പകുതിയും എല്ലാ സര്‍വീസും നടത്തുന്നില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കൂടുതല്‍ പ്രതിസന്ധി. തുടര്‍ന്ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ആറ് ആഴ്ചക്കകം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മേഖലയിലെ നഷ്ടം നികത്താന്‍ ശുപാര്‍ശകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകള്‍. കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത് പോലെ സാമ്പത്തിക സഹായം നല്‍കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നിടങ്ങളില്‍ സിറ്റിംഗ് നടത്തിയാണ് സമിതി ബസ് ഉടമകളുടെ ആവശ്യങ്ങള്‍ കേട്ടത്.

Scroll to Top