മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടന്ന തട്ടിപ്പ്: എസ്‌ഐടിയുടെ ആദ്യ യോഗം ഇന്ന്

അന്വേഷണ പരിധിയില്‍ ഒമ്പത് വിഷയങ്ങള്‍

മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം ഇന്ന് ആദ്യ യോഗം ചേരും. ഇന്ന് വൈകുന്നേരമാണ് യോഗം. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട വിവരങ്ങള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കും.
തിരുവനന്തപുരം: മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം ഇന്ന് ആദ്യ യോഗം ചേരും. ഇന്ന് വൈകുന്നേരമാണ് യോഗം. ഓരോ ഉദ്യോഗസ്ഥരും അന്വേഷിക്കേണ്ട കാര്യങ്ങളില്‍ തീരുമാനമെടുക്കും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട വിവരങ്ങള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കും. സ്‌പോണ്‍സറായി ആര്‍ബിസിയെ തിരഞ്ഞെടുത്തതും അബ്ദുറഹ്‌മാന്റെ സ്‌പെയിന്‍ സന്ദര്‍ശനവുമടക്കം9 കാര്യങ്ങളാണ് അന്വേഷണ സമിതിയുടെ ആദ്യ പരിഗണനയിലുള്ളത്.

അന്വേഷണ പരിധിയില്‍ ഒമ്പത് വിഷയങ്ങള്‍
ആദ്യഘട്ടത്തില്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്‌പോണ്‍സറായി തിരഞ്ഞെടുത്തതിലേക്ക് നയിച്ച പ്രക്രിയയും സാഹചര്യങ്ങളും, GoatAd ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും ഉള്‍പ്പെടെ വിശദമായി പരിശോധിക്കും. ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവിഹിത ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ നല്‍കിയിട്ടുണ്ടോ എന്നും, വഴിവിട്ട സഹായങ്ങളിലൂടെ സര്‍ക്കാരിനോ പൊതു സ്ഥാപനങ്ങള്‍ക്കോ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നും സംഘം അന്വേഷിക്കും.

പദ്ധതിയുടെ ഫണ്ടിന്റെയും സ്‌പോണ്‍സര്‍ഷിപ്പ് തുകകളുടെയും ഉറവിടം, ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. കൂടാതെ, സര്‍ക്കാര്‍ ഉത്തരവുകള്‍, അനുമതികള്‍, ഇളവുകള്‍, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യങ്ങളും, പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ ഇടയായ പശ്ചാത്തലവും പരിശോധിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വിദേശ സന്ദര്‍ശനം, ആശയവിനിമയങ്ങള്‍, ചര്‍ച്ചകള്‍, നല്‍കിയ ഉറപ്പുകള്‍ എന്നിവയ്ക്ക് പുറമേ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ഫുട്‌ബോള്‍ ഓസ്‌ട്രേലിയ, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ സഹായത്തോടെ എങ്ങനെ കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതും അന്വേഷിക്കും. ഇത്തരം സ്വകാര്യ കരാര്‍ ഇടപാടുകളുമായി സര്‍ക്കാരിന്റെ പേരും അധികാരവും സംവിധാനങ്ങളും ബന്ധപ്പെടുത്താനിടയായ സാഹചര്യവും എസ്.ഐ.ടി പരിശോധിക്കും.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൈമാറിയതും ഉപയോഗിച്ചതും, അതുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍മ്മാണ പ്രവൃത്തികളും ചെലവുകളും അന്വേഷണത്തിന്റെ ഭാഗമായിരിക്കും. വിവിധ ഘട്ടങ്ങളില്‍ ഉള്‍പ്പെട്ട പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സ്വകാര്യ വ്യക്തികള്‍, കമ്പനികള്‍, ഇടനിലക്കാര്‍ എന്നിവരുടെ പങ്കും ഉത്തരവാദിത്തവും നിര്‍ണ്ണയിക്കുന്നതിനൊപ്പം, വിഷയത്തില്‍ അഴിമതി നിരോധന നിയമപ്രകാരമോ ബാധകമായ മറ്റ് നിയമങ്ങള്‍ പ്രകാരമോ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും.

Scroll to Top