കാസര്‍ഗോഡ്. പ്രാദേശിക വിഷയങ്ങള്‍ മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാപ്പെടാതെ പോകുന്നതില്‍ വോട്ടര്‍മാരായ വീട്ടമ്മമാര്‍ക്ക് നീരസം.
റോഡ് തരാം,വീട് തരാം,വെളിച്ചമെ ത്തിക്കാം, കുടിവെള്ളസൗകര്യമൊരുക്കാം,പെന്‍ഷന്‍ തരാമെന്നൊക്കെയുള്ള മോഹന വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. ഇതിനിടയില്‍ അവശ്യസാധനങ്ങളുടെ വില വാനോളം ഉയര്‍ച്ചയിലായത് മുന്നണികള്‍ കാണാതെ പോകുന്നതാണോ, കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നാണ് വീട്ടമ്മമാരുടെ ചോദ്യം. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ പൊതു വിപണിയില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.പഴം പച്ചക്കറി വിലയില്‍ ഇടയ്ക്കിടെ ഉയര്‍ച്ചയും, താഴ്ചയും ഉണ്ടാകുന്നുണ്ടെങ്കിലും അരി,മുളക്,പയര്‍ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ ഭക്ഷ്യസാധനങ്ങളില്‍ മാസങ്ങളോളമായി വിലയിടിവ് ഉണ്ടാകുന്നില്ല. വര്‍ദ്ധനവ് മാത്രമേ ഉണ്ടാകുന്നുള്ളൂവെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ഏതാനും ദിവസമായി കോഴി വില 115 മുതല്‍ 120 വരെയായി കുറഞ്ഞിട്ടുണ്ടെങ്കിലും കോഴിമുട്ട ഒന്നിന് 7 രൂപ മുതല്‍ 7.50 വരെയാണ് ചില്ലറ മാര്‍ക്കറ്റ് വില. മൊത്ത വ്യാപാരികള്‍ 6.50നാണ് ചില്ലറ വ്യാപാരികള്‍ക്ക് മുട്ട നല്‍കുന്നത്.ശബരിമല സീസണ്‍ തുടങ്ങുമ്പോള്‍ വില കുറയാറാണ് പതിവെങ്കില്‍ ഇത്തവണ വില കൂടുന്ന അവസ്ഥയാണെന്ന് വ്യാപാരികള്‍ തന്നെ സമ്മതിക്കുന്നു.
മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറാണ് ഇപ്പോള്‍ വീട്ടമ്മമാര്‍ ഉണ്ടാക്കുന്നത്.ഏതാനും മാസം മുമ്പ് ഉണ്ടായ അതേ വില കയറ്റമാണ് മുരിങ്ങക്കോലിന് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍തന്നെ കിലോ 500 രൂപയായി.ഇത് 600 ലേക്കെത്തുമെന്ന് വ്യാപാരികള്‍ പറയുന്നുമുണ്ട്. രണ്ടുമാസം മുമ്പ് മുരിങ്ങക്കോലിന് 80 രൂപയായിരുന്നു വില. തക്കാളി വില 30ല്‍ നിന്ന് 60ലേക്ക് എത്തി. ഇത് സെഞ്ച്വറിയിലേക്കെ ത്തുമെന്ന് പറയുന്നുണ്ട്. തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയും കൃഷി നാശവുമാണ് ഇതിന് കാരണമായിട്ടുള്ളത്. കഴിഞ്ഞമാസം വരെ തക്കാളി വില 15 രൂപ 20 രൂപ എന്നീ ക്രമത്തിലായിരുന്നു. ഉള്ളി വിലയിലും നേരിയ വര്‍ദ്ധനവുണ്ട്.എല്ലാ പച്ചക്കറികളും തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തില്‍ എത്തുന്നത്.മൊത്ത കച്ചവടക്കാര്‍ മനപ്പൂര്‍വ്വം കൃത്രിമ വിലകയറ്റം സൃഷ്ടിക്കുകയാണെന്നാണ് ആക്ഷേപവും ഉയരുന്നുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പുനിടയില്‍ വിപണിയില്‍ ഇടപെടല്‍ നടത്താന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാകുന്നുമില്ല.
പച്ചക്കറി വിപണി വില ഇങ്ങനെ:പച്ചമുളക് 60,ഉരുളക്കിഴങ്ങ് 30,ഇഞ്ചി 88,കക്കിരി 36, കോവയ്ക്ക 60,പയര്‍ 70, ബീന്‍സ് 60,വെണ്ടക്ക 60, കാരറ്റ് 70, ബീറ്റ്‌റൂട്ട് 56, കാബേജ് 32,കൈപ്പക്ക 60,പടവലം 40,ചേന 45, മത്തന്‍ 32,കുമ്പളങ്ങ 30, ചെറുനാരങ്ങ 60,ദാരപ്പീര 56,കോളിഫ്‌ലവര്‍ 60.
ഫോട്ടോ:വിലകയറ്റം വാനോളം:വിപണിയിലെ മുട്ടയും,തക്കാളിയും.




