സവാള വിലക്കയറ്റം; ഇടപെടലുമായി സര്‍ക്കാര്‍, 100 ടണ്‍ സവാള അടിയന്തരമായി എത്തിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: സവാള വിലക്കയറ്റത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 100 ടണ്‍ സവാള അടിയന്തരമായി എത്തിക്കും. ആദ്യപടിയായി 20 ടണ്‍ സവാള എത്തി. ഇതില്‍ 10 ടണ്‍ മലബാര്‍ മേഖലയിലും 10 ടണ്‍ തെക്കന്‍ കേരളത്തിലും വിതരണം ചെയ്യും. കിലോയ്ക്ക് 35 രൂപ നിരക്കിലാണ് വിതരണം ചെയ്യുക.

ഉടന്‍ തന്നെ സപ്ലൈകോ വഴിയും വിതരണമുണ്ടാകും. വ്യാഴാഴ്ച 30 ടണ്‍ സവാള കൂടി എത്തും. പൊതുവിപണിയില്‍ 80 രൂപയോളം ഉണ്ടായിരുന്ന സവാള വില ഇപ്പോള്‍ 65-70 രൂപ നിരക്കില്‍ നില്‍ക്കുകയാണ്. ഇതില്‍ നിന്നും വില ഇനിയും താഴോട്ട് വരുമെന്നാണ് പ്രതീക്ഷ. കാസര്‍കോട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ മൊബൈല്‍ യൂണിറ്റ് വഴി സവാള വിതരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പച്ചക്കറി നല്‍കിയ കര്‍ഷകരുടെ പണം അന്ന് രാത്രിയും തൊട്ടടുത്ത ദിവസവുമായി നല്‍കി. മഴക്കെടുതിയില്‍ കൃഷി നാശത്തിനുള്ള നഷ്ട പരിഹാരം നല്‍കും. KSDMA വിജ്ഞാപനം വന്നാല്‍ നടപടി സ്വീകരിക്കും. കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

ഒന്നാംഘട്ടത്തില്‍ നാളികേര വികസന ബോര്‍ഡിന്റെ വിഹിതമായി 500 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 41 കോടി രൂപയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll to Top