മാസപ്പടി കേസ്: ED ശുപാര്‍ശയില്‍ പിണറായി വിജയനെതിരെ കേസെടുത്താല്‍ രാഷ്ട്രീയമായി നേരിടാന്‍ CPIM

തിരുവനന്തപുരം: ഇ.ഡി ശുപാര്‍ശയില്‍ പിണറായി വിജയനെതിരെ കേസെടുത്താല്‍ രാഷ്ട്രീയമായി നേരിടാന്‍ സിപിഐഎം. കേന്ദ്ര ഏജന്‍സികള്‍ക്ക് വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കേസ് എടുക്കാനുള്ള നിയമോപദേശം സിപിഐഎമ്മിനെ ലക്ഷ്യമിട്ടാണെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു.

ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോള്‍ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാര്‍ട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. നേതൃത്വത്തെ കേസില്‍ കുടുക്കി വിശ്വാസ്യത തകര്‍ത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിന് യുഡിഎഫ് സര്‍ക്കാരും കുടപിടിക്കുന്നു എന്നാണ് സിപിഐഎം ആരോപിക്കുന്നത്.പിണറായി വിജയനെതിരായ കേസ് പാര്‍ട്ടിയ്‌ക്കെതിരായ നീക്കമായി കണ്ട് പ്രതിരോധിക്കാനാണ് തീരുമാനം.

സിപിഐഎം ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രതിരോധത്തിന് ഒപ്പം സി.എം.ആര്‍.എല്‍ എം.ഡിയുടെ ഡയറിയില്‍ രമേശ് ചെന്നിത്തലയുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും പേരുളളതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിയമപരമായ കാര്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതം കൂടി വിലയിരുത്തി കൊണ്ടായിരിക്കും സര്‍ക്കാര്‍ തീരുമാനം.

യുഡിഎഫ് നേതാക്കള്‍ കൈപ്പറ്റിയത് ഫണ്ട് പിരിവിന്റെ ഭാഗമായുളള പണമാണെന്നും വീണയുടേത് മുഖ്യമന്ത്രിയെ മറയാക്കിയുളള കൈക്കൂലിയാണെന്നുമാണ് സര്‍ക്കാരിന്റെ പ്രതിരോധം. സര്‍ക്കാര്‍ നീക്കത്തെ ബിജെപിയും കാത്തിരിക്കുകയാണ് കേസ് എടുക്കുന്നില്ലെങ്കില്‍ ഒത്തുകളി ആരോപിച്ച് രംഗത്ത് വരാനാണ് ബിജെപി തീരുമാനം.

Scroll to Top