കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍ നിയമന നടപടി തുടങ്ങി. രജിസ്ട്രാര്‍, ലൈബ്രേറിയന്‍ തസ്തികകളില്‍ അഭിമുഖം നടത്താന്‍ തീരുമാനം. ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് തീയതികളിലാണ് അഭിമുഖം. രജിസ്ട്രാര്‍ തസ്തികയിലേക്ക് 32 പേരെയും ലൈബ്രേറിയന്‍ തസ്തികയിലേക്ക് 22 പേരെയും അഭിമുഖത്തിന് വിളിച്ചു. അഭിമുഖത്തിനുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍വകലാശാല ഇ-മെയില്‍ അയച്ചു. പ്രധാന തസ്തികകളില്‍ സ്ഥിരം നിയമനം നടത്താത്തത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിയിരുന്നു.
സര്‍വകലാശാലയില്‍ ഒരു വര്‍ഷത്തോളമായി സുപ്രധാന രജിസ്ട്രാര്‍ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. രജിസ്ട്രാര്‍ നിയമനം നടത്താനായി വിജ്ഞാപനം പുറത്തിറക്കി 10 മാസത്തോളമായിട്ടും നിയമനം നടത്താതെ വൈസ് ചാന്‍സലര്‍ അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഫിനാന്‍സ് ഓഫീസര്‍ തസ്തികയിലും സ്ഥിരം നിയമനമില്ല. കഴിഞ്ഞ മാസം ഫിനാന്‍സ് ഓഫീസര്‍ പദവിയിലേക്ക് അഭിമുഖം നടത്തിയിരുന്നെങ്കിലും പങ്കെടുത്ത 13 പേരും അനുയോജ്യരല്ലെന്നായിരുന്നു വൈസ് ചാന്‍സലറുടെ നിലപാട്.
ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികകളിലും സ്ഥിര നിയമനമില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. പ്രധാന തസ്തികകളില്‍ സ്ഥിരം നിയമനം നടത്താതെ അധ്യാപകര്‍ക്ക് അധിക ചുമതല നല്‍കുന്നത് പഠനത്തെ ബാധിക്കുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. എത്രയും വേഗം സ്ഥിരം നിയമനം നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് പ്രധാന തസ്തികകളില്‍ നിയമന നടപടി തുടങ്ങിയിരിക്കുന്നത്




