കോഡര്‍ ഹൗസില്‍ വീണ്ടും പുക ഉയരുന്നു; അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വീണ്ടും പുക ഉയരുന്നു. ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായ കെട്ടിടത്തിലാണ് വീണ്ടും പുക ഉയരുന്നതായി കണ്ടെത്തിയത്. തീ അണച്ചിട്ടും പല ഇടങ്ങളില്‍ നിന്നായി പുക ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മട്ടാഞ്ചേരിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.

ചൊവ്വ വൈകിട്ട് ഏഴേകാലോടെയാണ് തീപിടുത്തം ഉണ്ടാകുന്നത്. രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഹോട്ടലിന്റെ മുകള്‍നിലയിലാണ് ആദ്യം തീപിടിച്ചത്. പെട്ടെന്ന് മറ്റിടങ്ങളിലേക്കും ആളിപ്പടര്‍ന്നു. മുകള്‍നില ഏകദേശം പൂര്‍ണമായും കത്തി. തടികൊണ്ട് നിര്‍മിച്ച മൂന്നുനില കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്കും തീ ആളിപ്പടരുകയായിരുന്നു.

മുകളില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ട സമീപത്തെ ഹോട്ടലുകാരാണ് ആദ്യം വിവരം അറിയിച്ചത്. മട്ടാഞ്ചേരി അഗ്‌നി രക്ഷാനിലയത്തില്‍നിന്ന് രണ്ട് യൂണിറ്റ് എത്തിയെങ്കിലും ഇടക്ക് വെള്ളം തീര്‍ന്നു. ഇത് തീയണയ്ക്കുന്നത് വൈകിച്ചു. പിന്നീട് ക്ലബ് റോഡ്, ഗാന്ധിനഗര്‍, തൃക്കാക്കര, അരൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യൂണിറ്റുകള്‍ക്ക് പുറമേ നാവിക, തീരരക്ഷാസേനകളുടെ യൂണിറ്റുകളും എത്തി. ഒമ്പത് യൂണിറ്റ് രണ്ട് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടലിന്റെ മുന്നിലൂടെ കയറാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

Scroll to Top