Home National അഹമ്മദാബാദ് വിമാന അപകടം: അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിച്ച് വ്യോമയാന മന്ത്രാലയം

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിച്ച് വ്യോമയാന മന്ത്രാലയം

by KCN CHANNEL
0 comment

അഹമ്മദാബാദ് വിമാന അപകടം അന്വേഷിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി തലവന്‍. വിമാന സര്‍വീസിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമിതി ശിപാര്‍ശ ചെയ്യും. വ്യോമയാന മന്ത്രാലയ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തിലെ അഡിഷണല്‍ സെക്രട്ടറി അല്ലെങ്കില്‍ ഒരു ജോയ്ന്റ് സെക്രട്ടറി, ഗുജറാത്തിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍, സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ എന്നിവര്‍ ഈ സമിതിയില്‍ ഉണ്ടായിരിക്കും.

ബ്ലാക്ക് ബോക്സ് അടക്കമുള്ള രേഖകള്‍ സമിതി പരിശോധിക്കും. സ്ഥലത്ത് നേരിട്ടെത്തി പരിശോധനകള്‍ നടത്തും. ആ സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുള്ള വിവിധ ഏജന്‍സികളുമായി സഹകരിച്ച് വിവര ശേഖരണം നടത്തും. എന്തുകൊണ്ട് അപകടം നടന്നു എന്ന് വിലയിരുത്തും. സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കും. വിമാനം പറന്നുയരുന്നതിന് മുന്‍പ് നടത്തേണ്ട പരിശോധനകള്‍ എന്ത് എന്നതടക്കമുള്ള കാര്യങ്ങളില്‍ പുതിയ ചട്ടം രൂപീകരിക്കുകയും അത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

അപകടത്തിന്റെ കാരണത്തില്‍ വ്യക്തത വരുത്താനായിട്ടില്ല. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം തുടരുകയാണ്. യുഎസില്‍ നിന്നും യുകെയില്‍ നിന്നും വിമാന കമ്പനിയുടെയം വിദഗ്ധ സംഘം ഇന്ന് ഇന്ത്യയിലെത്തും.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകള്‍ ഇന്നലെ വീണ്ടെടുത്തിരുന്നു. ഇത് ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് പരിശോധന ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നേക്കും. ഈ ഫലമായിരിക്കും അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഏറ്റവും നിര്‍ണായകമാകുക. പൈലറ്റുമാരുടെ ശബ്ദമടക്കം റെക്കോര്‍ഡ് ആയിട്ടുണ്ടാകും.

You may also like

Leave a Comment