വന്ദേഭാരത് സ്ലീപ്പര്‍ ഈ മാസം തന്നെ: 8 മണിക്കൂറില്‍ 1000 കിലോമീറ്റര്‍, 827 യാത്രക്കാര്‍; ടിക്കറ്റ് നിരക്ക് എത്രയാകും

യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ സര്‍വ്വീസ് ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കും. വെള്ളിയാഴ്ച മുതല്‍ ഡല്‍ഹി-പട്ന റൂട്ടില്‍ പരീക്ഷണയോട്ടം നടത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്. പിന്നാലെ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള റെഗുലര്‍ സര്‍വ്വീസ് ആരംഭിക്കും. രാജ്യതലസ്ഥാനമായ ഡല്‍ഹിക്കും ബിഹാര്‍ തലസ്ഥാനമായ പട്‌നക്കും ഇടയിലാണ് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്.

ഏകദേശം ആയിരം കിലോമീറ്റര്‍ ദൂരം വെറും എട്ട് മണിക്കൂറില്‍ താണ്ടാനാകുന്ന ഈ അതിവേഗ ട്രെയിനിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും. ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) ഫാക്ടറിയില്‍ നിര്‍മ്മിച്ച കോച്ചുകള്‍ ഇതിനോടകം തന്നെ റെയില്‍വേയ്ക്ക് കൈമാറി കഴിഞ്ഞു. 16 കോച്ചുകളുള്ള രണ്ട് വണ്ടികളാണ് ബെമല്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കായി കൈമാറിയിട്ടുള്ളത്. പൂര്‍ണമായും സ്വദേശി സാങ്കേതികവിദ്യയിലാണ് ഈ കോച്ചുകള്‍ നിര്‍മ്മിച്ചതെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെയര്‍ കാര്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി സ്ലീപ്പര്‍ ബെര്‍ത്തുകള്‍, ഓട്ടോമാറ്റിക് സെന്‍സിങ് ഡോറുകള്‍, ബയോ-ഡൈജസ്റ്റര്‍ ടോയ്ലറ്റുകള്‍, മികച്ച ലൈറ്റിങ്, ക്രാഷ്-വര്‍ത്തി കോച്ചുകള്‍, ആന്റി-കൊളിഷന്‍ സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ പ്രത്യേകത. ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്ന ഈ ട്രെയിനില്‍ എസി ഫസ്റ്റ് ക്ലാസ്, എസി ടൂ-ടയര്‍, എസി ത്രീ-ടയര്‍ കോച്ചുകളുണ്ടാകും. മൊത്തം 827 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

വന്ദേഭാരത് സ്ലീപ്പറിന്റെ ടിക്കറ്റ് നിരക്ക് എത്രയായിരിക്കും എന്നത് സംബന്ധിച്ച ചര്‍ച്ചകളും യാത്രക്കാര്‍ക്കിടയില്‍ സജീവമാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് റെയില്‍വേയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും നിരക്ക് രാജധാനി എക്‌സ്പ്രസിന് സമാനമായിരിക്കുമെന്നാണ് സൂചന. രാത്രി യാത്ര ചെയ്ത് ഉറങ്ങിക്കൊണ്ട് തന്നെ രാവിലെ ലക്ഷ്യസ്ഥാനത്തെത്താം എന്നതിനാല്‍ ഹോട്ടല്‍ താമസം ആവശ്യമില്ലാതെ സമയവും പണവും ലാഭിക്കാന്‍ ഈ ട്രെയിന്‍ യാത്രക്കാരെ സഹായിക്കും.

ഉത്സവകാല യാത്രകള്‍, ഔദ്യോഗിക ആവശ്യങ്ങള്‍, ചുരുങ്ങിയ ദിവസത്തെ ഡല്‍ഹി സന്ദര്‍ശനം തുടങ്ങിയവയ്‌ക്കെല്ലാം ഏറ്റവും അനുയോജ്യമായ, വേഗതയേറിയതും സുഖകരവും വൃത്തിയുള്ളതുമായ യാത്രാനുഭവം ഇനി പട്‌ന-ഡല്‍ഹി റൂട്ടില്‍ ലഭ്യമാകും. കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനാണ് റെയില്‍വേ നീക്കം.

Scroll to Top