ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നാവര്‍ത്തിച്ച് ഹൈക്കോടതി, 181 സാക്ഷികളെ ചോദ്യം ചെയ്‌തെന്ന് എസ്‌ഐടി സംഘം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. 181 സാക്ഷികളെ ചോദ്യം ചെയ്തതായും സുപ്രധാന രേഖകള്‍ കണ്ടെത്തിയതായും എസ്.ഐ.ടി അറിയിച്ചപ്പോള്‍, നിര്‍ഭയമായി മുന്നോട്ട് പോകാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്.ഐ.ടി ഹൈക്കോടതിയില്‍. രേഖകള്‍ മറച്ചുവെക്കാന്‍ ചില വ്യക്തികള്‍ ശ്രമിച്ചെങ്കിലും, സുപ്രധാന രേഖകള്‍ കണ്ടെത്താനും വീണ്ടെടുക്കാനും എസ്‌ഐടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതിയുടെ നിരീക്ഷണം. നിര്‍ഭയമായി അന്വേഷണം മുന്നോട്ടു പോകണമെന്നും ഹൈക്കോടതി. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ടി സംഘത്തലവന് ഉള്‍പ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

മാധ്യമ വിചാരണയ്ക്കെതിരെയും ഹൈക്കോടതിയുടെ പരാമര്‍ശം. അന്വേഷണ സംഘത്തിന് മേല്‍ മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് എസ് ഐ ടി. വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കേവലം സങ്കല്‍പ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കുപ്രചാരണങ്ങള്‍ നടത്തുന്നത് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഗൗരവകരമായ ഈ അന്വേഷണം മാധ്യമ വിചാരണയുടെ നിഴലിലല്ല നടക്കേണ്ടതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും തോന്നുന്നു. അന്വേഷണ പുരോഗതി പരിഗണിക്കാതെയാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത്. ഇത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്താന്‍ അന്വേഷണസംഘത്തിലുള്ള വിശ്വാസം നഷ്ടമാക്കാനും കാരണമാകും എന്നും കോടതി. ഊഹാപോഹങ്ങളും മറ്റും അന്വേഷണത്തെ ദുര്‍ബലപ്പെടുത്തും. മാധ്യമ വിചാരണയുടെ കീഴില്‍ കേസന്വേഷണം നടത്താനാകില്ലെന്നും കോടതി പറഞ്ഞു.

Scroll to Top