ഒരു വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ല, കാന്തപുരം ജനാധിപത്യത്തിന്റെ കാവലാള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ചില നീക്കങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഷ്ടഭക്ഷണം കഴിക്കുന്നതിന്റെയും ഇഷ്ട വസ്ത്രം ധരിക്കുന്നതിന്റെയും പേരില്‍ മനുഷ്യരെ വേട്ടയാടുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. വീടുകള്‍ ലക്ഷ്യമിട്ട് ബുള്‍ഡോസറുകള്‍ നീങ്ങുന്നു. ഒരു മതത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളെയും അസ്തിത്വത്തെയും മായ്ച്ചു കളയുന്നു. വിഭജന കാലത്തു പോലും ഇങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ക്രൈസ്തവ വേട്ട വര്‍ധിക്കുന്നുവെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെയായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷതയ്ക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ പിണറായി വിജയന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരെ ജനാധിപത്യത്തിന്റെ കാവലാള്‍ എന്നും വിശേഷിപ്പിച്ചു. ഈ യാത്ര ഒരു സംഘടനയുടെ പരിപാടിയായി ചുരുക്കി കാണേണ്ടതല്ല. മനുഷ്യര്‍ക്കൊപ്പം എന്നതാണ് ഈ യാത്രയുടെ സന്ദേശം. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ അകറ്റി നിര്‍ത്തുന്ന കാലമാണിത്. അവിടെയാണ് ഈ യാത്രയുടെ പ്രസക്തി. ചിലര്‍ ദുഷ്ടലാക്കോടെ മതത്തെ മനുഷ്യത്വ വിരുദ്ധമാക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കാന്‍ തൊണ്ണൂറ് കഴിഞ്ഞ പ്രായത്തിലും കാന്തപുരം മുന്നിട്ടിറങ്ങിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി അങ്ങനെ രൂപപ്പെട്ടാല്‍ അതിന് വര്‍ഗീയത ശക്തിപ്പെടുത്താനെ കഴിയൂവെന്നും വ്യക്തമാക്കി. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയത ഉണ്ടായാല്‍ അത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഭാഗമായി നിന്നു മാത്രമേ വര്‍ഗീയതയെ തുരത്താന്‍ കഴിയൂ. ഇത് തിരിച്ചറിഞ്ഞുള്ള സമീപനം സ്വീകരിക്കണം. പരസ്പരം സ്‌നേഹവും കരുതലും പങ്കു വയ്ക്കുന്നവരാകണം. കേരളം മതനിരപേക്ഷേതയ്ക്കായി വിട്ടുവീഴ്ചയില്ലാതെയാണ് നിലകൊള്ളുന്നത്. കേരളം മതനിരപേക്ഷതയുടെ തുരുത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് വിഷയത്തില്‍ ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ നിയമത്തില്‍ മുസ്ലിം ജനതയ്ക്ക് ഇടമില്ല. മുസ്ലിം ജനതയ്ക്ക് പൗരത്വം നിഷേധിക്കുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു. അത് എന്തിനാണെന്ന് നമ്മള്‍ മനസിലാക്കി. വിഭജന കാലത്ത് കള്‍മീര്‍ ജനത ഇന്ത്യക്കൊപ്പം ഉറച്ചു നിന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയുമായി ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും സ്വീകരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നടന്ന വര്‍ഗീയ കലാപങ്ങളും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഒന്നാം കലാപത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി രണ്ടാം കലാപത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടതും ഓര്‍മ്മിപ്പിച്ചു, വീടുകള്‍ ആക്രമിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൂവാറില്‍ ഒട്ടനവധി വീടുകള്‍ തീവച്ചു. ചെറിയതുറയിലെ സംഘര്‍ഷത്തില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് നിരവധി തവണ കലാപങ്ങള്‍ നടന്നു. പൂന്തുറയില്‍ നിരവധി വീടുകള്‍ ആക്രമിച്ചു. എല്ലാം നമ്മുടെ കേരളത്തില്‍ സംഭവിച്ചതാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ നമുക്ക് അകറ്റി നിര്‍ത്താന്‍ കഴിഞ്ഞുവെന്നും വ്യക്തമാക്കി.
എപ്പോഴും മതനിരപേക്ഷതയക്കെ കൂടുതല്‍ കരുത്തു നേടാന്‍ കഴിയൂവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കേരളത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. സംഘടനാപരമായ ഭിന്നതയുടെ പേരില്‍ നിങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി താനൂരിലും മഞ്ചേരിയിലും പാണ്ടിക്കാടിലും അതല്ലേ സംഭവിച്ചതെന്നും ചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ സംഘര്‍ഷങ്ങള്‍ കുറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിച്ചില്ല. ന്യൂനപക്ഷ വര്‍ഗീതയായാലും ഭൂരിപക്ഷ വര്‍ഗീത ആയാലും എതിര്‍ക്കും.സന്ധിയില്ലാതെ പോരാടും എന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു




