സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. കാലിന് പരുക്കേറ്റാണ് പ്രമേഹ രോഗിയായ വയോധികന്‍ ചികിത്സയ്ക്കായി എത്തിയത്. ഒരാഴ്ച മുന്‍പ് ചികിത്സയിലിരിക്കെ പനി പിടിപ്പെട്ടു. പിന്നാലെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ക്ലോറിനേറ്റ് ചെയ്തു. ഈ മാസം മാത്രം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്ന് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വര്‍ഷം മാത്രം 160 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്്. 36 മരവും ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.




