കേരളത്തിലാദ്യമായി എ.ഐ അധിഷ്ടിത ലേസര്‍ ശസ്ത്രക്രിയ സൗകര്യമൊരുക്കി വി.പി.എസ് ലേക്ഷോര്‍

എ.ഐ അധിഷ്ടിത ലേസര്‍ ചികിത്സയിലൂടെ ശസ്ത്രക്രിയയില്‍ ഉയര്‍ന്ന കൃത്യത ഉറപ്പാക്കാനും താരതമ്യേന വേദന കുറച്ച്, എളുപ്പത്തില്‍ രോഗമുക്തി ലഭ്യമാക്കുന്നതിനും സാധിക്കുന്നു

കൊച്ചി: പൈല്‍സ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങള്‍ക്ക് എ.ഐ സാങ്കേതിക വിദ്യയും ലേസര്‍ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയ സംവിധാനമൊരുക്കി കൊച്ചി വി.പി.എസ് ലേക്ഷോര്‍ ആശുപത്രി. മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ വിദഗ്ധ ചികിത്സക്ക് ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഒരേയൊരു ദിവസത്തെ ചികിത്സ മാത്രമാണ് ഇതിന് ആവശ്യമായി വരികയുള്ളുവെന്നത് പ്രത്യേകതയാണ്.

എ.ഐ സാങ്കേതിക വിദ്യയും അത്യാധുനിക ലേസര്‍ ടെക്‌നോളജിയും സമന്വയിപ്പിക്കുന്നതിലൂടെ ശസ്ത്രക്രിയകളില്‍ ഉയര്‍ന്ന കൃത്യത ഉറപ്പാക്കുവാനും രോഗിക്ക് കൂടുതല്‍ ആശ്വാസം പകര്‍ന്ന് വേഗത്തില്‍ സുഖപ്രാപ്തി ലഭ്യമാക്കുവാനും സാധിക്കുമെന്ന് വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയിലെ മിനിമലി ഇന്‍വേസീവ് ശസ്ത്രക്രിയ വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ. ആര്‍. പദ്മകുമാര്‍ പറഞ്ഞു.

പരമ്പരാഗത രീതിയിലുള്ള ശസ്ത്രക്രിയ സംവിധാനങ്ങള്‍ക്കപ്പുറം, ഇവിടെ എ.ഐ പ്ലാറ്റ്‌ഫോമിലൂടെ ഡാറ്റ അധിഷ്ടിത മാര്‍ഗനിര്‍ദേശം, കൃത്യമായ വിലയിരുത്തല്‍, തത്സമയ ചികിത്സ വിവരങ്ങള്‍ ലഭ്യമാക്കല്‍, സ്ഥിരതയാര്‍ന്ന ശസ്ത്രക്രിയഫലം നിര്‍ണയം എന്നിവ സാധ്യമാകും. കൂടാതെ കുറഞ്ഞ തോതിലു ടിഷ്യു ക്ഷതം മാത്രമാണ് ഉണ്ടാകുന്നുള്ളു എന്നതും രോഗിക്ക് വേഗത്തില്‍ പഴയ ജീവിതചര്യകളിലേക്ക് മടങ്ങുവാനാകുന്നുവെന്നതും പ്രത്യേകതകളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയക്ക് ശേഷമുള്ള സമഗ്ര ഡോക്യുമെന്റേഷന് ഗുണകരമാകും വിധത്തില്‍ ചികിത്സയുടെ വിശദമായ ഡാറ്റ ഈ സിസ്റ്റം രേഖപ്പെടുത്തുന്നു. എ.ഐ അധിഷ്ടിത ലേസര്‍ ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ കൃത്യതയും ഫലപ്രാപ്തിയും ഉറപ്പ് നല്‍കാനാകുന്നുവെന്നതും ശ്രദ്ധേയമാണ്. വളരെ ചെറിയ മുറിവുകള്‍ മാത്രം അവശേഷിപ്പിക്കുന്ന ശസ്ത്രക്രിയക്ക് ശേഷം, രോഗിക്ക് തുടരെ തുടരെ ഡോക്ടറെ കാണേണ്ട സാഹചര്യമോ ദീര്‍ഘകാലം മരുന്ന് കഴിക്കേണ്ട ആവശ്യമോ ഉണ്ടായിരിക്കില്ല.

ലേസര്‍ ചികിത്സയില്‍ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായിരിക്കും. രോഗം വീണ്ടും വരാനുള്ള സാധ്യത തടഞ്ഞ് പൂര്‍ണമായ രോഗമുക്തി ലഭ്യമാക്കാനുമാകും. പരമ്പരാഗത ഫിസ്റ്റുല ശസ്ത്രക്രിയയില്‍ പലപ്പോഴും പേശിക്ഷതമുണ്ടാകാറുണ്ട്. ലേസര്‍ അനുബന്ധ ഏനല്‍ വാള്‍ റീകണ്‍സ്ട്രക്ഷന്‍ ചികിത്സ നടത്തുന്നതിനാല്‍ മലം അറിയാതെ പോകുന്ന അവസ്ഥ ഒഴിവാക്കുന്നതിനോടൊപ്പം രോഗത്തിന് പൂര്‍ണ ശമനവും ഉണ്ടാകുന്നു.

വെരിക്കോസ് വെയിന്‍ ചികിത്സയില്‍ ഏറ്റവും മികച്ച ട്രിപ്പിള്‍ തെറാപ്പി (ലേസര്‍, താക്കോല്‍ദ്വാര ശസ്ത്രക്രിയ, സ്‌ക്ലീറോ) മാര്‍ഗം അവലംബിക്കുന്നതിലൂടെ രോഗം പൂര്‍ണമായും സുഖപ്പെടാനും തിരികെ വരാനുള്ള സാധ്യത ഇല്ലാതാക്കാനും കഴിയും. പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, പൈലോനിഡല്‍ സയിനസ്സ്, വെരിക്കോസ് രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ കേരളത്തില്‍ വിപ്ലവകരമായ മാറ്റത്തിനാണ് വി.പി.എസ് ലേക്ഷോര്‍ ആശുപത്രി തുടക്കം കുറിച്ചിരിക്കുന്നത്.

രോഗികള്‍ക്ക് ലോകോത്തര പരിചരണം ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളാണ് വി.പി.എസ് ലേക്ഷോറില്‍ ലഭ്യമാക്കി വരുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലേസര്‍ ശസ്ത്രക്രിയ സൗകര്യം ഇക്കൂട്ടത്തിലെ സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.പി.എസ് ലേക്ഷോര്‍ സി.ഇ.ഓ ജയേഷ് വി.നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുര്‍ത റാം വിഷ്‌ണോയ്, ഡോ. ഡി. മധുകര്‍ പൈ, കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ ടി. അനില്‍കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Anilkumar T
Manager, Corporate Communications
VPS Lakeshore Hospital

Scroll to Top