കൊല്ലത്ത് മത്സരിക്കാന്‍ മുകേഷിന് സീറ്റില്ല; വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എം മുകേഷിന് ഇത്തവണ സീറ്റില്ല. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് ധാരണയായത്. മുകേഷിന് പകരം കൊല്ലത്ത് എസ് ജയമോഹനെ മത്സരിപ്പിക്കാനാണ് നീക്കം. ജില്ലയില്‍ മൂന്ന് സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ തീരുമാനമായി. കൊല്ലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും മുകേഷാണ് എംഎല്‍എ. മുകേഷിനെതിരെ ഉയര്‍ന്ന തുടര്‍ച്ചയായ വിവാദങ്ങളും ലൈംഗികാരോപണങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് നല്‍കാത്തതെന്നാണ് വിവരം.
കൊട്ടാരക്കരയില്‍ നിലവിലെ ധനമന്ത്രി കൂടിയായ കെ എന്‍ ബാലഗോപാല്‍ മത്സരിക്കും. ഇരവിപുരത്ത് എം നൗഷാദ്, ചവറയില്‍ ഡോ. സുജിത് വിജയന്‍ പിള്ള, കുണ്ടറയില്‍ എസ് എല്‍ സജികുമാര്‍ എന്നിവരെ മത്സരിപ്പിക്കും. നിലവില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ നൗഷാദിന് ഒരവസരം കൂടി നല്‍കാനാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും. അഞ്ചാം തീയതി നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.




