; പക്ഷേ കട്ടൗട്ടുകള്‍ ഔട്ട് തന്നെ
2024 ജൂലായില്‍ വെള്ള നിറം ഒഴിവാക്കാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും പിന്‍വലിച്ചിരുന്നു
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ വെളളനിറം മാത്രമല്ല മറ്റ് നിറമാകാമെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനം. എന്നാല്‍ ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകള്‍ പാടില്ല. 2022ലാണ് ടൂറിസ്റ്റ് ബസുകളില്‍ വെള്ളം നിറം മതിയെന്ന തീരുമാനം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ കളറുള്ള ബസുകള്‍ക്കാണ് കേരളത്തിലെ ടൂര്‍ ഓട്ടം അടക്കം ലഭിക്കുന്നതെന്ന് ഉടമകള്‍ പരാതി ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ യോഗത്തില്‍ പരിഗണിക്കുകയും ചെയ്തു. ഇതോടെ ടൂറിസ്റ്റ് ബസിന് ഏത് നിറം വേണമെങ്കിലും ആകാമെന്ന ശുപാര്‍ശ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അതോറിറ്റി തീരുമാനിച്ചു.
അതേസമയം കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി റെന്റ് എ ബൈക്ക് നടത്തിപ്പിന് പെര്‍മിറ്റ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തിനായി നിരവധി അപേക്ഷകള്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് മുന്നില്‍ എത്തിയിരുന്നു. ഏകീകൃത നിറം ഏര്‍പ്പെടുത്തിയ ശേഷം ആളപായത്തിന് കാരണമാകുന്ന വലിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന വകുപ്പ്തല അന്വേഷണത്തിന് ഒടുവിലാണ് ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളും ശബ്ദസംവിധാനം, ഗ്രാഫിക്സുകള്‍, വിവിധ വര്‍ണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചത്. 2024 ജൂലായില്‍ വെള്ള നിറം ഒഴിവാക്കാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും പിന്‍വലിച്ചിരുന്നു. അതേസമയം വെള്ള നിറം കളറാക്കാന്‍ ഒന്നരലക്ഷത്തോളം രൂപ ചെലവ് വരും. അതിനാല്‍ ഒരു വിഭാഗം ബസ് ഉടമകള്‍ നിറംമാറ്റം ആവശ്യപ്പെടുന്നുമില്ലായിരുന്നു.




