പശ്ചിമേഷ്യന്‍ സംഘര്‍ഷം; ?ഇതുവരെ റദ്ദാക്കിയത് 43,000 ത്തിലധികം വിമാന സര്‍വീസുകളെന്ന് കണക്കുകള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ?ഇതുവരെ റദ്ദാക്കിയത് 43,000 ത്തിലധികം വിമാന സര്‍വീസുകളെന്ന് കണക്കുകള്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ഇതുവരെ റദ്ദാക്കിയത് 43,000 ത്തിലധികം വിമാന സര്‍വീസുകളെന്ന് കണക്കുകള്‍. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനായി പ്രത്യേക വിമാന സര്‍വീസുകള്‍ വിവിധ എയര്‍ലൈനുകള്‍ നടത്തുന്നുണ്ട്. മസ്‌ക്കറ്റ് വിമാനത്താവളത്തെിലെ സാധാരണ സര്‍വീസുകളും യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നു.

ഫെബ്രുവരി 28 നാണ് ഇറാനെതിരെ ഇസ്രയേലും അമേരിക്കയും യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ വ്യോമയാന മേഖല നിശ്ചലമായി. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്ന് 43,000 ത്തിലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ജിസിസിയില്‍ വിമാന റദ്ദാക്കലുകള്‍ ഏറ്റവും കുറവ് ബാധിച്ച വിമാനത്താവളങ്ങള്‍ ജിദ്ദ, മസ്‌ക്കറ്റ്, റിയാദ്, ദമാം, ഷാര്‍ജ എന്നിവയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ദുബായില്‍ 30.02% വിമാനങ്ങളാണ് റദ്ദാക്കിയത്. അതില്‍ മിക്ക വിമാനങ്ങളും ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ളവയാണ്. ദോഹ വിമാനത്താവളത്തില്‍ നിന്നുള്ള റദ്ദാക്കല്‍ 94 ശതമാനമാണ്. ഫെബ്രുവരി 28 മുതല്‍ വാണിജ്യ വിമാനങ്ങള്‍ക്കുള്ള അനുമതി ബഹ്റൈന്‍ പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. അതിനിടെ, ഇന്നലെ മുതല്‍ മസ്‌കത്തില്‍ നിന്ന് 56 വിമാനങ്ങളും ദോഹയില്‍ നിന്ന് 15 വിമാനങ്ങളും അബൂദബിയില്‍ നിന്ന് 27 വിമാനങ്ങളും ദുബായില്‍ നിന്ന് 161 വിമാനങ്ങളും പുറപ്പെട്ടതായി വ്യോമയാന അനലിറ്റിക്‌സ് കമ്പനിയായ സിറിയം വ്യകതമാക്കി

ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും തങ്ങളുടെ സര്‍വീസ് തുടരുമെന്നും ഒമാന്‍ എയര്‍ അറിയിച്ചു. രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രത്യേക വിമാന സര്‍വീസുകളും വിവിധ വിമാന കമ്പനികള്‍ നടത്തുന്നുണ്ട്.

കുവൈറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുളള യാത്രക്കാര്‍ക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാനുള്ള സംവിധാനവും ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സര്‍വീസ് സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കാനുളള ശ്രമത്തിലാണ് എമിറേറ്റ്സ് ഉള്‍പ്പെടയുളള വിമാന കമ്പനികള്‍.

Scroll to Top