തിരുവനന്തപുരം: സഹകരണ മേഖലയില്‍ നിന്നുള്ള കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതല്‍ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുമായാണ് സഹകരണ വകുപ്പ് മുന്നോട്ടുപോകുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും, സഹകരണ മേഖലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘സഹകരണം സുതാര്യം’ ടെലിവിഷന്‍ പരിപാടിയുടെ പ്രകാശനവും, സഹകരണ എക്സ്പോ-2025ന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.
സഹകരണ മേഖലയില്‍ നിന്നുള്ള കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ സഹകരണ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. അമേരിക്ക, നെതര്‍ലാന്‍ഡ്, യുഎഇ, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സഹകരണ മേഖലയിലെ മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ ഓര്‍ഡര്‍ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വിപണനത്തിലേക്ക് കടക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാകും. പദ്ധതിയിലൂടെ ജൈവ വൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഉത്പന്നങ്ങള്‍, ഗുണമേന്മ ഉറപ്പാക്കി, കുറഞ്ഞ വിലയില്‍ ലഭ്യമാക്കും. കാര്‍ഷിക മേഖലയില്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. കാര്‍ഷിക മേഖലയെ ലക്ഷ്യമിട്ടുകൊണ്ടാണ് കേരളത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ആരംഭിച്ചത്. സഹകരണ മേഖലയിലൂടെ കാര്‍ഷിക മേഖലയും, കാര്‍ഷിക മേഖലയിലൂടെ സഹകരണ മേഖലയും വികസിക്കുന്നു എന്നത് അഭിമാനകരമാണ് എന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക പ്രതിബദ്ധതയിലൂന്നി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് ‘സഹകരണം സുതാര്യം’ എന്ന പേരില്‍ ടെലിവിഷന്‍ പ്രചാരണ പരിപാടി ആരംഭിക്കുന്നത്. സഹകരണ മേഖലയിലെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുക, വിപണിയില്‍ കൂടുതല്‍ സ്ഥാനം ഉറപ്പിക്കുക, മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണത്തിലേക്ക് കൂടുതല്‍ സഹകരണ സംഘങ്ങളെ എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് സഹകരണ എക്സ്പോ സംഘടിപ്പിക്കുന്നത്. എക്സോപയുടെ ആദ്യ രണ്ട് എഡിഷനുകള്‍ വന്‍ വിജയമായിരുന്നു. മൂന്നാം എഡിഷന്‍ കോഴിക്കോട് സംഘടിപ്പിക്കാന്‍ തീരമാനിച്ചിരുന്നെങ്കിലും വയനാട് ദുരന്തത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. സഹകരണ എക്സ്പോ 2025, തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.