കുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ ഇനി കാസര്‍കോടിനും സ്വന്തം; ആദ്യ ഔട്ട്ലെറ്റ് അജാനൂരില്‍

കാഞ്ഞങ്ങാട്: കിച്ചണ്‍ ബജറ്റ് താളംതെറ്റിക്കുന്ന കോഴിവിലയ്ക്ക് കടിഞ്ഞാണിടാന്‍ കുടുംബശ്രീയുടെ ‘കേരള ചിക്കന്‍’ ഇനി കാസര്‍കോട്ടും. സംശുദ്ധമായ കോഴിയിറച്ചി കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴില്‍ ഇട്ടമ്മല്‍ ജംഗ്ഷനില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ ഔട്ട്ലെറ്റ് കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

വിപണിയേക്കാള്‍ പത്തു രൂപ കുറവ്
പൊതുവിപണിയിലെ കൊള്ളവിലയില്‍ നിന്ന് സാധാരണക്കാര്‍ക്ക് ആശ്വാസമേകാനാണ് കേരള ചിക്കന്‍ ലക്ഷ്യമിടുന്നത്. നിലവില്‍ വിപണിയിലുള്ള ചിക്കന്‍ വിലയേക്കാള്‍ കിലോയ്ക്ക് 10 രൂപ കുറച്ചാണ് കുടുംബശ്രീ ഔട്ട്ലെറ്റുകളില്‍ വില്‍പ്പന നടത്തുക. നമ്മുടെ നാട്ടിലെ ഫാമുകളില്‍ ശാസ്ത്രീയമായി വളര്‍ത്തുന്ന ഗുണമേന്മയുള്ള കോഴികളെയാണ് ഇവിടെ ഇറച്ചിയായി നല്‍കുന്നതെന്ന് എം എല്‍ എ പറഞ്ഞു.

അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. തുളസി ചടങ്ങില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത മുഖ്യാതിഥിയായി പങ്കെടുത്തു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍ പിലിക്കോട് പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ സി. കുഞ്ഞാമിന, ഡി. സുമിത, കെ. അപര്‍ണ, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ വി.എസ്. സഫ മൂര്‍ഷിദ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ കെ. അശ്വിനി സ്വാഗതവും സംരംഭക എല്‍. അഷിഫ നന്ദിയും പറഞ്ഞു

Scroll to Top