ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയില്‍ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാല്‍ ആണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയില്‍ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാല്‍ ആണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചിരുന്നു. തന്റെ കാശ് മുഴുവന്‍ പോയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പൊലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും പറഞ്ഞത്. ഇയാള്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നീട് മൂന്ന് ട്രെയിനുകളില്‍ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തുന്നത്. അതേസമയം, പൊലീസ് ആസ്ഥാനത്ത് വിളിക്കുന്നതിന് മുമ്പ് ഇയാള്‍ കൊച്ചി കണ്‍ട്രോള്‍ റൂമിലും വിളിച്ചിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷനിലെ തട്ടുകടയില്‍ ജോലിക്ക് വന്നയാളാണ് ഹരിലാല്‍ എന്നാണ് വിവരം.
ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ ട്രെയിനുകളിലും പരിശോധന നടത്തി വരികയാണ്.