അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക മരവിപ്പിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.
പിന്‍വാതില്‍ നിയമനത്തെ തുടര്‍ന്നാണ് റാങ്ക് ലിസ്റ്റ് സ്റ്റേ ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിലാണ് പുതിയ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയും പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഇതുപോലെ പലരും പട്ടികയില്‍ ഇടംപിടിച്ചിരുന്നുവെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ ശുപാര്‍ശയില്‍ പിആര്‍ഡിയുടെ എം പാനല്‍ ലിസ്റ്റില്‍ കയറിപ്പറ്റിയ പ്രിസം ജീവനക്കാര്‍ക്ക് പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പിആര്‍ഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയത്. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെന്നും സര്‍ട്ടിഫിക്കറ്റിന്റെ നിയമസാധുതയാണ് ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പിന്‍വാതില്‍ നിയമനത്തില്‍ നിരാശരായ ഉദ്യോഗാര്‍ത്ഥികളുടെ ചുടുകണ്ണീരില്‍ ഈ സര്‍ക്കാര്‍ വെന്തുരുകും. അവരുടെ കണ്ണീരിന് വിലയുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെ എല്ലാ അനധികൃത, പിന്‍വാതില്‍ നിയമനങ്ങളും പുനഃപരിശോധിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.




