നിയമസഭ സീറ്റ് മുതല്‍ എല്ലാം വില്‍പനയ്ക്ക് വെച്ച് അഴിമതിയുടെ പുതിയമുഖം തുറന്നിരിക്കുകയാണ് കോണ്‍ഗ്രസ്: എം സ്വരാജ്

നിയമസഭ സീറ്റ് മുതല്‍ എല്ലാം വില്‍പനയ്ക്ക് വെച്ച് അഴിമതിയുടെ പുതിയമുഖം തുറന്നിരിക്കുകയാണ് കോണ്‍ഗ്രസ്: എം സ്വരാജ്

കൊച്ചി: ഭരണം നഷ്ടപ്പെട്ടപ്പോള്‍ പണമുണ്ടാക്കാനായി കോണ്‍ഗ്രസിന്റെ നേതാക്കള്‍ കണ്ടെത്തിയ മാര്‍ഗം സീറ്റുകള്‍ വില്‍ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. നിയമസഭ മുതല്‍ പാര്‍ലമെന്റ് സീറ്റും രാജ്യസഭ സീറ്റുമെല്ലാം വില്‍പനയ്ക്ക് വെച്ചുകൊണ്ട് അഴിമതിയുടെ ഒരു പുതിയ മുഖം തുറന്നിരിക്കുകയാണ് രാജ്യത്തെ കോണ്‍ഗ്രസെന്ന് സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട് നേതൃത്വം കൊടുത്ത തട്ടിപ്പിനെ സംബന്ധിച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചത്. മലയാള മാധ്യമങ്ങള്‍ കുംഭകോണം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ്. ഒരുപക്ഷേ ഭാഷയ്ക്ക് അങ്ങനെയൊരു വാക്ക് തന്നെ സംഭാവന ചെയ്തത് കോണ്‍ഗ്രസായിരിക്കും. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യയില്‍ പ്രതിപക്ഷത്താണ് കോണ്‍ഗ്രസ്. അധികാരം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസില്‍ അഴിമതി അവസാനിക്കുകയല്ല ചെയ്തത്. അഴിമതിയുടെ പുതിയ അവസരം തേടിയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ അതുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതെന്നും സ്വരാജ് പറഞ്ഞു.

ഹരിയാനയില്‍ മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുചിത്രാ ദേവിക്ക് മത്സരിക്കാന്‍ നിയമസഭാ സീറ്റ് നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഏഴുകോടിയോ മറ്റോ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കൈപ്പറി എന്നാണ് അവരുടെ ഭര്‍ത്താവ് ഗൗരവ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് കേസ് എടുത്തിരിക്കുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്ന മതിയായ തെളിവുകളും ഉണ്ടെന്നാണ് കാണുന്നത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ആരോപണ വിധേയരായിട്ടുള്ളതെന്ന സ്വരാജ് ചൂണ്ടിക്കാട്ടി.

പ്രിയങ്ക ഗാന്ധിയുടെയും കെസി വേണുഗോപാലിന്റെയും പിഎമാര്‍ നേരിട്ട് പണം കൈപ്പറ്റിയെന്നാണ് ആരോപണം. ഈ പിഎമാരെ താത്കാലികമായി മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. ഗൗരവ് കുമാറിന്റെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഈ നടപടി. മൂന്നാമത്തെ നേതാവിന്റെ മകന്റെും പിഎയുടെയും അദ്ദേഹത്തിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു എന്നാണ് പറയുന്നത്. വാട്സ്ആപ്പ് ചാറ്റുകളും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതിന്റെ രേഖാപരമായ തെളിവുകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. പിഎമാര്‍ക്കെതിരെ നടപടി ഉണ്ടായതോടെ കുംഭകോണം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഇത് ആരോപണമാണെന്ന് പറയാനാവില്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും എം സ്വരാജ് പറഞ്ഞു.

Scroll to Top